ലണ്ടൻ: ഡയാന രാജകുമാരി ഭക്ഷണമുണ്ടാക്കുന്ന കാര്യത്തിൽ മിടുക്കിയായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ മുൻ ഷെഫായ ഡാരൻ മക് ഗ്രാഡി. ഡയാന രാജകുമാരിയുടെ അറുപതാം പിറന്നാളിന് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച ഓർമകളിലാണ് ഡാരന്റെ വെളിപ്പെടുത്തൽ. ഒരിക്കൽ പാസ്ത പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുന്ന ഗന്ധം അനുഭവപ്പെട്ടപ്പോൾ കൊട്ടാരത്തിലെ അഗ്നിരക്ഷാ വിഭാഗത്തെ വരെ രാജകുമാരി വിളിച്ചു വരുത്തിയെന്നും ഡാരൻ പറയുന്നു.
തിങ്കൾ മുതല്‍ വെള്ളിവരെയാണ് എന്റെ ഡ്യൂട്ടി. ആഴ്ചാവസാനം രാജകുമാരിക്ക് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കി ഫ്രിഡ്ജിൽ വച്ചിട്ടാണ് ഞാൻ പോകുക. എന്ത് ഭക്ഷണമാണ് എന്നും ചൂടാക്കുകയോ മറ്റോ ചെയ്യണമെങ്കിൽ എന്ത് ചെയ്യണമെന്നും മറ്റുമുള്ള എന്റെ നിർദ്ദേശങ്ങൾ ചെറിയ നോട്ടായി ഡയാന തന്നെ എഴുതി പാത്രത്തിൽ ഒട്ടിക്കുകയും ചെയ്യും.
ഡയാന വളരെ മോശം പാചകക്കാരിയായിരുന്നു. ആഴ്ചാവസാനം സുഹൃത്തുക്കൾക്കൊപ്പമോ കുടുംബത്തിനൊപ്പമോ പുറത്ത് പോയില്ലെങ്കിൽ ചിലപ്പോൾ സ്വന്തമായി ഭക്ഷണം തയ്യാറാക്കാൻ ഡയാന ശ്രമിച്ചിരുന്നു. പാസ്തയോ, സ്പഗെറ്റിയോ പോലുള്ള ഭക്ഷണമാണ് ഡയാന തയ്യാറാക്കിയിരുന്നത്.
ഒരിക്കൽ ഒരു സുഹൃത്തിന് വേണ്ടി സ്പഗെറ്റി ഉണ്ടാക്കാൻ ഡയാന തീരുമാനിച്ചു. സ്പഗെറ്റി സോസ് തയ്യാറാക്കാനായി അടുപ്പിൽ വച്ച ശേഷം ഇരുവരും സംസാരിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞാണ് ഡയാന അടുക്കളയിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും സോസ് തിളച്ച് ബർണറിൽ വീണ് തീ അണഞ്ഞിരുന്നു, ഒപ്പം ഗ്യാസ് ലീക്ക് ചെയ്യുന്ന ഗന്ധവും. ഡയാന വേഗം തന്നെ കൊട്ടാരത്തിലെ 12 പേരടങ്ങുന്ന ഫയര്‍ യൂണിറ്റിനെ വിളിച്ചു വരുത്തി.
പിറ്റേന്ന് ജോലിക്കെത്തിയപ്പോൾ ഡയാന തന്നോട് ഈ സംഭവം വളരെ രസകരമായി പങ്കുവച്ചെന്നും ഡാരൻ പറയുന്നു.
ഹാരി രാജകുമാരൻ ജനിച്ച് അധികകാലം കഴിയുന്നതിന് മുമ്പേ ഉണ്ടായ മറ്റൊരു അനുഭവവും ഡാരൻ പങ്കുവച്ചു. അടുക്കളയിലെത്തിയ രാജകുമാരി എന്നോട് കുഞ്ഞിനെ പിടിക്കാൻ പറഞ്ഞു. തനിക്ക് അൽപം സീരിയൽസ് കഴിക്കണമെന്നായിരുന്നു ഡയാനയുടെ ആവശ്യം. എന്നാൽ, തനിക്ക് കുഞ്ഞിനെ എടുക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഞാൻ അത് നിരസ്സിച്ചു. എന്നാൽ, ഡയാന നിർബന്ധപൂർവം കുഞ്ഞിനെ കൈയിൽ തരുകയും അവിടെ ഇരുന്ന് ഭക്ഷണം കഴിച്ചെന്നും ഡാരൻ പറയുന്നു. ചില ആളുകളെ കാണുമ്പോൾ നമ്മുടെ ജീവിതത്തിൽ നല്ല ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും. അത്തരത്തിലുള്ള വ്യക്തിയായിരുന്നു ഡയാന രാജകുമാരിയെന്നും ഡാരൻ വീഡിയോയിൽ പറയുന്നുണ്ട്.