kk

ന്യൂഡൽഹി :. ജ്യോതിരാദിത്യ സിന്ധ്യയും സർബാനന്ദ് സോനോവാളുമടക്കം 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്തി നരേന്ദ്ര മോദി മന്ത്രിസഭാ പുനഃ​സംഘടന. . രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരും ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30-ഓടെയാണ് അവസാനിച്ചത്.

വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന.ദളിത്, സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കി. മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കിയാണ് പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ ഉടച്ചുവാര്‍ത്തത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്.

പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരില്‍ 11 വനിതകളുമുണ്ട്. ഒ.ബി.സി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നാല് മുന്‍മുഖ്യമന്ത്രിമാര്‍ എന്നിവരും പുതിയ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു

മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രിയും മുൻ ശിവസേനാ നേതാവുമായ എ. നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തിന് കാബിനറ്റ് പദവി ലഭിച്ചു. സർബാനന്ദ സോനോവാളാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. അസമിലെ മുൻ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. മദ്ധ്യപ്രദേശിൽ നിന്ന് ഏഴാം തവണയും ലോക്സഭയിലേക്ക് എത്തിയ ഡോ വീരേന്ദ്രകുമാറാണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി നാലാമത് സത്യപ്രതിജ്ഞ ചെയ്തത്.

ജനതാദൾ യു നേതാവും മുൻ ഐ..എ,​എസ് ഉദ്യോഗസ്ഥനുമായ ആർ പി സി സിംഗ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. ഒഡിഷയിൽ നിന്നുള്ള രാജ്യസഭാംഗവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അശ്വിനി വൈഷ്ണവാണ് കാബിനറ്റ് പദവി ലഭിച്ച ആറാമൻ. എൽ.ജെ.പി നേതാവും രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാർ പരസാണ് കാബിനറ്റ് മന്ത്രിയായ ഏഴാമൻ.

നിലവിൽ കായിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കിരൺ റിജിജുവിന് കാബിനറ്റ് റാങ്കുള്ള മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടി. നിലവിൽ നൈപുണ്യ വികസന സഹമന്ത്രിയായ ബിഹാറിൽ നിന്നുള്ള ലോക്സഭാംഗം രാജ്‌കുമാർ സിംഗിനും കാബിനറ്റ് പദവിയോടെ സ്ഥാനക്കയറ്റം കിട്ടി. ഇദ്ദേഹവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

മന്ത്രിമാർക്ക് നാളെ രാഷ്ട്രപതി ഭവനിൽ ചായ സത്കാരം ഉണ്ടാകും.