മുതലമട: സ്വാമി പ്രകാശാനന്ദയുടെ ചിന്തകളും പ്രവർത്തികളും എല്ലാ കാലവും ഇവിടെ നിലനിൽക്കുമെന്ന് സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അനുസ്മരിച്ചു. ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ എല്ലാ കാലത്തും സനേഹാശ്രമത്തോട് അടുപ്പം പുലർത്തിയിരുന്നു. ആത്മീയാചാര്യൻ ദലൈലാമ 2012 നവംബർ 27നു ശിവഗിരിയിലെത്തുമ്പോൾ തന്നോട് അവിടെയെത്താൻ നിർദ്ദേശിച്ചതു സ്വാമി പ്രകാശാനന്ദയായിരുന്നു. പിന്നീട് ദലൈലാമയുടെ സ്വീകരണം, ഭക്ഷണം, യാത്രയാക്കൽ എന്നിവയ്‌ക്കൊപ്പം കൂടെനിൽക്കാനും സ്വാമി നിർദ്ദേശിച്ചു. ദൈവ ദശകത്തിന്റെ നൂറാം വാർഷികത്തിൽ സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി സംഗീതജ്ഞൻ കെ.ജി.ജയൻ (ജയ വിജയ) പാടിയ ദൈവ ദശകം കാസറ്റിന്റെ പ്രകാശനം ഏറെ തിരക്കുകകൾക്കിടയിലും അദ്ദേഹം നിർവഹിച്ചതും ഓർക്കുന്നു. ട്രസ്റ്റിന്റെ പഴയ ആശ്രമം സന്ദർശിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സമൂഹത്തിനായുള്ള സംഭാവനകൾ അതുല്യമാണെന്നും സ്വാമി സുനിൽദാസ് പറഞ്ഞു.