നെയ്യാറ്റിൻകര: കഞ്ചാവ്, മയക്കുമരുന്ന് ഗുളികയുമായി എത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. പനച്ചമൂട് ചന്തക്ക് സമീപം ഷംനാദ് ഭവനിൽ കമാൽ യൂസഫ് (23) ആണ് പിടിയിലായത്. പെരുമ്പഴുതൂർ ഭാഗത്ത് നെയ്യാറ്റിൻകര എക്സൈസ് നടത്തിയ പരിശോധനയിലാണ് 100 ഗ്രാം കഞ്ചാവ്, 100 മയക്കുമരുന്ന് ഗുളികകൾ എന്നിവയുമായി യൂസഫ് പിടിയിലായത്.
പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് തനിക്ക് കഞ്ചാവും മയക്കുമരുന്ന് ഗുളികകളും ലഭിച്ചത് ഊരൂട്ടമ്പലം സ്വദേശി ചക്കര മിഥുൻലാൽ, ബിനു എന്നിവരിൽ നിന്നാണെന്ന് കമാൽ യൂസഫ് എക്‌സൈസിന് മൊഴി നൽകി.
തുടർന്ന് എക്സൈസ് സംഘം ബിനുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2 കിലോ കഞ്ചാവ് കണ്ടെടുത്തു. ബിനുവും നിരവധി കേസിലെ പ്രതിയും ഊരൂട്ടമ്പലം സ്വദേശിയുമായ ചക്കര മിഥുൻലാലും ഈ സമയം ബിനുവിന്റെ വീട്ടിലുണ്ടായിരുന്നെങ്കിലും എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം എക്സൈസ് ഊർജിതമാക്കിയിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, സതീഷ് കുമാർ, പ്രശാന്ത് ലാൽ, നന്ദകുമാർ, ഹരിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായ പ്രതി: കമാൽ യൂസഫ്
പിടിച്ചെടുത്ത കഞ്ചാവും മയക്ക് മരുന്ന് ഗുളികകളും
ഓടി രക്ഷപ്പെട്ട പ്രതികൾ : ബിനുവും ചക്കര മിഥുൻലാലും