ll

ന്യൂഡൽഹി: കേന്ദ്ര മന്ത്രി സഭയിൽ 43 മന്ത്രിമാർ ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. 15 കാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരെയും ഉൾപ്പെടുത്തിയായിരുന്നു മന്ത്രിസഭാ പുനസംഘടന .ഡോ. ഹർഷവർദ്ധന് പകരം മൻസൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയാകും. ധര്‍മേന്ദ്ര പ്രധാനാണ് പുതിയ വിദ്യാഭ്യാസ മന്ത്രി.. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പുതുതായി രൂപീകരിച്ച സഹകരണവകുപ്പുകൂടി നല്‍കും.

അശ്വിനി വൈഷ്ണോവിന് ഐ.ടി വകുപ്പും റയിൽവേയും ലഭിക്കും. സർബാനന്ദ സോനോവാളിന് ആയുഷ് വകുപ്പും തുറമുഖ ഷിപ്പിംഗ് - ജലഗതാഗത വകുപ്പുമാണ് ലഭിക്കുക. ഹർദീപ് സിംഗ് പുരി പെട്രോളിയം മന്ത്രിയാകും. കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് വ്യോമയാന മന്ത്രാലയം ലഭിക്കും. മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖർ നൈപുണ്യവികസനം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയാകും.

സ്മൃതി ഇറാനി വനിത ശിശുക്ഷേമവും നിർമ്മലാ സീതാരാമൻ ധനകാര്യ വകുപ്പും നിലനിർത്തി. മീനാക്ഷി ലേഖി വിദേശകാര്യ സഹമന്ത്രിയാകും. പുരുഷോത്തം രൂപാലക്ക് ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകൾ ലഭിക്കും. അനുരാഗ് താക്കൂറിന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ലഭിക്കും, പശുപതി പരസിന് ഭക്ഷ്യ സംസ്കരണ മന്ത്രാലയവും, ഭൂപേന്ദ്ര യാദവിന് തൊഴിൽ വകുപ്പും പരിസ്ഥിതി മന്ത്രാലയവും ലഭിക്കും. കിരൺ റിജിജുവിന് സാംസ്കാരിക വകുപ്പും നിയമവകുപ്പുമാണ് ലഭിക്കുക.

ഗിരിരാജ് സിംഗിന് ഗ്രാമ വികസന വകുപ്പ് കൈകാര്യം ചെയ്യും. മലയാളി കൂടിയായ വി.മുരളീധരൻ സഹമന്ത്രിയായി തുടരും പാർലമെന്ററികാര്യവും വിദേശകാര്യവുമാണ് അദ്ദേഹത്തിന്റെ വകുപ്പുകൾ. അനുപ്രിയ പട്ടേൽ വ്യവസായ വാണിജ്യ വകുപ്പ് സഹമന്ത്രിയാകും. റാവു ഇന്ദർജിത് സിംഗ്,ഡോ ജിതേന്ദ്ര സിംഗ് എന്നിവർക്കാണ് സ്വതന്ത്ര ചുമതല. കേന്ദ്ര മന്ത്രിസഭ യോഗം നാളെ വൈകീട്ട് അഞ്ചിന് ചേരും.