സ്വാമി പ്രകാശാനന്ദയുമായി ദീർഘകാലത്തെ ആത്മബന്ധവും അടുപ്പവുമാണ് ഉണ്ടായിരുന്നത്. ശ്രീനാരായണഗുരുവിന്റെ തത്വങ്ങളും ദർശനങ്ങളും പ്രചരിപ്പിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ച ഒരു സാത്വികസന്യാസിയായിരുന്നു അദ്ദേഹം.
-എം.എ. യൂസഫലി
ശ്രീനാരായണഗുരു നടന്ന പാതയിലൂടെ സഞ്ചരിച്ച സമർപ്പിതജീവിതം ആയിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
-മന്ത്രി വി.ശിവൻകുട്ടി
സന്യാസ ജീവിതത്തിൽ മഹനീയമായ മാതൃക സൃഷ്ടിച്ച വ്യക്തിത്വത്തെയാണ് നഷ്ടമായത്. സ്വാമി പ്രകാശാനന്ദയുടെ വിയോഗം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ്.
-മന്ത്രി റോഷി അഗസ്റ്റിൻ
ശ്രീനാരായണ ധർമ്മസംഘത്തിന് ഏറെനാൾ നേതൃത്വം കൊടുത്ത സ്വാമി പ്രകാശാനന്ദ ആദ്ധ്യാത്മികരംഗത്ത് പ്രകാശഗോപുരമായിരുന്നു. ഗുരുദേവന്റെ ആശയങ്ങളും ആദർശങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കാൻ പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വീക്ഷിക്കാനും അതിൽ പങ്കാളിയാകാനും എനിക്കു ഭാഗ്യം ലഭിച്ചു.
-മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
ഗുരുദേവ ദർശനങ്ങളിൽ അടിയുറച്ചുനിന്ന് വേർതിരിവുകളില്ലാത്ത ഒരു സമൂഹമെന്ന ലക്ഷ്യത്തിനായി ആത്മീയജീവിതം സമർപ്പിച്ച സന്യാസശ്രേഷ്ഠനായിരുന്നു സ്വാമി പ്രകാശാനന്ദ.
-കെ.സി. വേണുഗോപാൽ എം.പി
വർക്കല ശിവഗിരി മഠത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സനാതനധർമ്മത്തെക്കുറിച്ച് അപാര അറിവുള്ള സന്യാസി ശ്രേഷ്ഠനായിരുന്നു അദ്ദേഹം.
കെ.സുധാകരൻ എം.പി
( കെ.പി.സി.സി പ്രസിഡന്റ്)
ശിവഗിരിയെ ഗുരുധർമ്മത്തിൽ നിന്ന് വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോയ മഹാ വ്യക്തിത്വമായിരുന്നു സ്വാമി പ്രകാശാനന്ദ. ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യനായിരുന്നു അദ്ദേഹം.
-കെ.സുരേന്ദ്രൻ
(ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി)
ശ്രീനാരായണ ദർശനങ്ങളിൽ അണുവിടപോലും വ്യത്യാസമില്ലാതെ ജീവിതാന്ത്യംവരെ മുന്നോട്ടുപോയ സന്യാസിവര്യനാണദ്ദേഹം.
സ്വാമിയുമായി ഒട്ടേറെ സന്ദർഭങ്ങളിൽ അടുത്ത് ബന്ധപ്പെടാൻ അവസരമുണ്ടായിട്ടുണ്ട്.
-മുല്ലപ്പള്ളി രാമചന്ദ്രൻ
ആത്മീയ ലോകത്തിന് സമഗ്രമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു സ്വാമി പ്രകാശാനന്ദ. മതേതര കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് സ്വാമിയുടെ വിയോഗം.
-എം.എം. ഹസ്സൻ
ശ്രീനാരായണഗുരുവിന്റെ കാലാതിവർത്തിയായ ആദർശങ്ങൾ ആധുനികകാല സാഹചര്യങ്ങളുമായി ഇണക്കിച്ചേർക്കുന്നതിന് സ്വജീവിതം ഉഴിഞ്ഞുവച്ച സന്യാസിശ്രേഷ്ഠനായിരുന്നു സ്വാമി പ്രകാശാനന്ദ.
-രമേശ് ചെന്നിത്തല