surendran

തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രവാസി വ്യവസായിക്ക് ചുമട്ടുതൊഴിലാളികളിൽ നിന്നുണ്ടായ ദുരനുഭവം പരമാർശിച്ച് കടകംപള്ളി സുരേന്ദ്രൻ എം എൽ എ. ചിക്കൻഗുനിയ സമ്മാനിച്ച വേദനയേക്കാൾ അധികമായ വേദനയാണ് ആ പ്രവാസി മലയാളിയുടെ വിഷമം കേട്ടപ്പോൾ മനസിലുണ്ടായത്. വ്യവസായിക്ക് സാധനങ്ങൾ ഇറക്കുന്നതിന് പാെലീസിന്റെ പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല എന്ന വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചിക്കൻഗുനിയ സമ്മാനിച്ച കനത്ത ശരീരവേദനയിലും പ്രയാസത്തിലും വീട്ടിൽ വിശ്രമത്തിലിരിക്കെ ആണ് കഴക്കൂട്ടത്ത് ഒരു പ്രവാസി വ്യവസായിക്ക് ചുമട്ടുതൊഴിലാളികളിൽ നിന്നും ദുരനുഭവം ഉണ്ടായതായി അറിഞ്ഞത്. ചിക്കൻഗുനിയ സമ്മാനിച്ച വേദനയേക്കാൾ അധികമായ വേദനയാണ് ആ പ്രവാസി മലയാളിയുടെ വിഷമം കേട്ടപ്പോൾ മനസിലുണ്ടായത്. പുറത്ത് ഇറങ്ങി കാര്യങ്ങളിൽ ഇടപെടുന്നതിന് ആരോഗ്യപരമായി കഴിയുന്ന സ്ഥിതിയിൽ അല്ലാത്തതിനാൽ കഴക്കൂട്ടത്തെ സിപിഐഎം ഏരിയ സെക്രട്ടറി സ: ശ്രീകാര്യം അനിലിനോട് വ്യവസായിയെ നേരിട്ട് കാണുവാനും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനും അദ്ദേഹത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട്. വ്യവസായിക്ക് സാധനങ്ങൾ ഇറക്കുന്നതിന് പോലീസിന്റെ പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല എന്ന വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ശക്തമായ നിലപാട് ഈ വിഷയത്തിൽ ഉണ്ടാവും.

കഴക്കൂട്ടം എന്നത് വ്യാവസായിക വാണിജ്യ മേഖലയിൽ അതിവേഗം കുതിക്കുന്ന പ്രദേശമാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലവും ഇത്തരത്തിൽ ഒരു പരാതിയും ഈ മേഖലയിൽ നിന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായതായി ആരും തന്നെ പറഞ്ഞു കേട്ടിട്ടുമില്ല. നിക്ഷേപ സൗഹൃദ പ്രദേശമാണ് കഴക്കൂട്ടം. ഇപ്പോൾ ഉണ്ടായത് ഒരു ഒറ്റപ്പെട്ട സംഭവം ആണെങ്കിലും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കും.

കടകംപള്ളി സുരേന്ദ്രൻ