cpm

തിരുവനന്തപുരം: കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സി പി എം സംസ്ഥാനമൊട്ടാകെ സ്‌ത്രീപക്ഷ ക്യാമ്പയിൻ സംഘടിപ്പിക്കുന്ന ആഴ്‌ചയിൽ തന്നെ സ്വന്തം മുന്നണിയിലെ വനിതാ ജനപ്രതിനിധിയ്‌ക്കെതിരെ കടുത്ത സ്‌ത്രീവിരുദ്ധ പരാമർശങ്ങളുമായി സി പി എം. തിരുവനന്തപുരം കല്ലറ ഡിവിഷനിൽ നിന്നുളള ജില്ലാ പഞ്ചായത്ത് മെമ്പറായ ബിൻഷ ബി ഷറഫിനെതിരെയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ സ്‌ത്രീ വിരുദ്ധ പ്രചാരണം നടക്കുന്നത്. സി പി എം പാർട്ടി അംഗങ്ങളും ജനപ്രതിനിധികളുമാണ് ഇതിനു പിന്നിൽ.

മേഖലയിൽ നിലനിൽക്കുന്ന സി പി എം-സി പി ഐ പ്രാദേശിക തർക്കമാണ് സ്‌ത്രീ വിരുദ്ധ പരാമർശത്തിന് പിന്നിലെ കാരണം.അടുത്തിടെ സി പി എം വിട്ട് പ്രാദേശിക നേതാക്കളും പ്രവർത്തകരും സി പി ഐയിൽ ചേർന്നിരുന്നു. ഇതോടെയാണ് ഇരുപാർട്ടികളും തമ്മിൽ ഇടയുന്നത്.

cpm

ആറ് പേർ തികച്ചില്ലാത്ത പാർട്ടിക്കാരിയെ ആറായിരം വോട്ടിന് ജയിപ്പിച്ചു, ഇപ്പോൾ പണി എടുത്തവർക്കിട്ട് പണിയാൻ നടക്കുന്നുവെന്നാണ് ബിൻഷയ്‌ക്കെതിരെ സി പി എം പാർട്ടി അംഗവും സി ഐ ടി യു തൊഴിലാളിയുമായി സനു ചെൽസ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.ഇതിനുതാഴെ വന്ന കമന്‍റുകൾക്കിടെയാണ് തികച്ചും മോശം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർക്കെതിരെ ഇയാൾ നടത്തിയിരിക്കുന്നത്. ഇത് ഏറ്റുപിടിച്ച് പാർട്ടി അംഗങ്ങളും, അനുഭാവികളും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നുണ്ട്.

cpm

വനിതകളായ സി പി എം ജനപ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗവും വരെ പോസ്റ്റിന് ലൈക്കടിച്ചും റിയാക്ഷനിട്ടും രംഗത്ത് വന്നിട്ടുണ്ട്. വിസ്‌മയയുടെ മരണവും അതിനുപിന്നാലെയുണ്ടായ ജോസഫൈൻ വിവാദവും മറികടക്കാനാണ് സി പി എം സംസ്ഥാനത്ത് സ്‌ത്രീപക്ഷ ക്യാമ്പയിന് തുടക്കം കുറിച്ചത്. എന്നാൽ മറുവശത്ത് സ്വന്തം മുന്നണിയിലെ ജനപ്രതിനിധിയെ വരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ താറടിച്ച് കാണിക്കാനുളള ശ്രമമാണ് സി പി എം അംഗങ്ങൾ നടത്തുന്നതെന്നാണ് ആക്ഷേപം.