അന്റാർട്ടിക്ക: കിഴക്കൻ അന്റാർട്ടിക്കയിലെ കൂറ്റൻ മഞ്ഞ് തടാകം മൂന്ന് ദിവസത്തിനുള്ളിൽ കാണാതായത് ശാസ്ത്രലോകത്തെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ്. കിഴക്കൻ അന്റാർട്ടിക്കയിലെ അമേരി ഐസ് ഷെൽഫ് എന്നറിയപ്പെടുന്ന തടാകമാണ് അപ്രത്യക്ഷമായിരിക്കുന്നത്. 2019ൽ നടന്ന സംഭവത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഈയടുത്ത് ലഭിച്ചതോടെയാണ് ശാസ്ത്രജ്ഞരും ഈ സംഭവം അറിയുന്നത്.
കാലാവസ്ഥാ വ്യതിയാനമാണ് തടാകം അപ്രത്യക്ഷമാകാൻ കാരണമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഇതോടെ ഏകദേശം 21 മുതൽ 26 ക്യുബിക്ക് അടി വെള്ളം വരെ സമുദ്രത്തിൽ എത്തിയെന്ന് കണക്കാക്കുന്നു. ഇതിനെതുടർന്ന് സമുദ്രനിരപ്പ് ഉയരാനും സാദ്ധ്യതയുണ്ട്. നദിക്ക് മുകളിലുള്ള ഐസ് പാളി തകർന്നതിനു ശേഷം വെറും മൂന്ന് ദിവസം കൊണ്ടാണ് തടാകം പൂർണമായും വറ്റിയത്.
ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ അന്റാർട്ടിക്കയിലെ ഐസ് പ്രതലങ്ങൾ ഇനിയുമേറെ ഉരുകാൻ സാദ്ധ്യതയുള്ളതായി കണക്കാക്കുന്നുവെങ്കിലും അവ പരിസ്ഥിതിയിൽ ഏൽപ്പിക്കുന്ന ആഘാതം ഇനിയും കണക്കാക്കിയിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി അന്റാർട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉരുകുകയാണ്. മുമ്പ് ചൂട്‌കാലത്ത് മാത്രം നടന്നിരുന്ന മഞ്ഞുരുകൽ ഇപ്പോൾ ഇടയ്ക്കിടക്ക് സംഭവിക്കുന്നുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു.