ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ പുന:സംഘടന റിപ്പോർട്ടുകൾ വന്നുതുടങ്ങിയപ്പോഴേ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റിലുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. അതുപോലെത്തന്നെ സംഭവിക്കുകയും ചെയ്തു. സിന്ധ്യയ്ക്ക് വ്യോമായന മന്ത്രാലയമാണ് കിട്ടിയിരിക്കുന്നത്.
മുപ്പതുവർഷം മുൻപ് പിതാവ് മാധവറാവു സിന്ധ്യ വഹിച്ചിരുന്ന പദവിയാണ് സിന്ധ്യയെ തേടിയെത്തിയിരിക്കുന്നത് എന്നത് യാദൃശ്ചികമാണ്.1991 മുതൽ 1993 വരെ റാവു സർക്കാരിൽ സിവിൽ ഏവിയേഷൻ, ടൂറിസം വകുപ്പുകളുടെ ചുമതല മാധവറാവു സിന്ധ്യ വഹിച്ചിരുന്നു.
ഇരുവരും തമ്മിൽ വേറെയും സാമ്യതകൾ ഉണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് ഇരു നേതാക്കളും കേന്ദ്ര മന്ത്രിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധവറാവു, രാജിവ് ഗാന്ധി സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നു. സിന്ധ്യയാകട്ടെ മൻമോഹൻ സിംഗ് സർക്കാരിൽ വാർത്താവിനിമയ, ഐടി മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗുണ മണ്ഡലത്തിൽ നിന്ന് ജനസംഘം ടിക്കറ്റിൽ 1971ൽ ആണ് മാധവ റാവു ആദ്യമായി പാർലമെന്റിൽ എത്തിയത്. പിതാവ് ഒരു കാലത്ത് ജനസംഘത്തിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും കോൺഗ്രസിൽ മാത്രം പ്രവർത്തിച്ചു പരിചയം കൊണ്ടായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയിൽ ചേർന്നത്.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും, ഒരുകാലത്ത് മദ്ധ്യപ്രദേശിൽ പാർട്ടിയുടെ മുഖവുമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. പാർട്ടി മുൻ ജനറല്‍ സെക്രട്ടറി ആയിരുന്ന സിന്ധ്യ തന്നെയായിരുന്നു മദ്ധ്യപ്രദേശിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്കുവച്ചിച്ചതും. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. സിന്ധ്യ തങ്ങൾക്കൊപ്പം നിന്നത് ബി ജെ പിയെ സംബന്ധിച്ച് വലിയൊരു നേട്ടമായിരുന്നു. ഇതിന് പ്രതിഫലമായി ആദ്യം രാജ്യസഭാ അംഗത്വവും, ഇപ്പോൾ ക്യാബിനറ്റ് മന്ത്രി പദവും നൽകി.