തിരുവനന്തപുരം: മരംമുറി വിവാദത്തിൽ സി പി എമ്മിനെതിരെ സി പി ഐയിൽ കലാപക്കൊടി. സി പി ഐയെ കുറ്റപ്പെടുത്തുന്ന പ്രചാരണങ്ങള്‍ക്ക് സി പി എം മൗനാനുവാദം നല്‍കിയെന്നാണ് സി പി ഐയിലെ ഒരു വിഭാഗം കരുതുന്നത്. പുതിയ വനം മന്ത്രി എ കെ ശശീന്ദ്രന്‍ സി പി ഐയെ പരോക്ഷമായി കുറ്റപ്പെടുത്തിയപ്പോഴും സി പി എം നേതൃത്വം വിലക്കിയില്ലെന്നും ഇവർക്ക് പരിഭവമുണ്ട്. അതിനാലാണ് മരംമുറി വിവാദങ്ങളില്‍ ചാനൽ ചർച്ചയ്‌ക്ക് പോകേണ്ടെന്ന് സി പി ഐ നിലപാടെടുത്തത്.
സ്വർണക്കടത്ത് വിവാദം ആളിക്കത്തിയപ്പോൾ പാർട്ടി മുഖപത്രമായ ജനയുഗത്തിൽ അതിനെതിരെ മുഖപ്രസംഗമെഴുതിയതും ഇതിനുളള താക്കീതായിരുന്നുവെന്ന് സി പി ഐ നേതാക്കൾ പറയുന്നു. റവന്യൂപട്ടയഭൂമിയിൽ മരംമുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉള്‍പ്പടെ വിളിച്ച വിവിധ യോഗങ്ങളുടെ തീരുമാനമായിരുന്നു. സര്‍വകക്ഷിയോഗവും ഇതിനായി ചേര്‍ന്നിരുന്നു. എന്നാല്‍ പഴി മുഴുവനും സി പി ഐക്കും പഴയ റവന്യൂ വനം മന്ത്രിമാര്‍ക്കും മാത്രമായെന്നാണ് സി പി ഐ നേതാക്കൾ പറയുന്നത്.
പുറത്തുവരുന്ന രേഖകളിലെല്ലാം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ്. സര്‍വകക്ഷിയോഗങ്ങളുടെ തീരുമാനത്തിനുപരി ഉത്തരവിറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പ്രത്യേക താത്‌പര്യമുണ്ടായിരുന്നു. വിവാദ ഉത്തരവില്‍ സി പി എമ്മിനും സി പി ഐക്കും തുല്യ ഉത്തരവാദിത്തമെന്നാണ് സി പി ഐ നിലപാട്.
സി പി എം സി പി ഐയെ കുരക്കിലാക്കിയെന്ന നിലപാട് പാര്‍ട്ടി നേതൃത്വം ഇതിനോടകം അറിയിച്ച് കഴിഞ്ഞു. എന്നാൽ പ്രതിസന്ധിയിലാകുമ്പോഴൊന്നും സി പി എമ്മിനെ ഒരുകാലത്തും സി പി ഐ സംരക്ഷിച്ചിട്ടില്ലെന്നാണ് സി പി എം നേതാക്കൾ പറയുന്നത്. മരംമുറി വിവാദത്തോടെ മുന്നണിയിലെ തിരുത്തൽ ശക്തിയെന്ന് അറിയപ്പെട്ടിരുന്ന സി പി ഐയ്‌ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്.