olympics

ടോക്കിയോ: ജപ്പാനിൽ വർദ്ധിച്ചു വരുന്ന കൊവിഡ് കണക്കുകളിൽ ആശങ്കയുണ്ടെങ്കിലും അടുത്ത മാസം നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് അധികൃതരുടെ തീരുമാനം. ജപ്പാനിൽ നിലവിൽ കൊവിഡിന്റെ ഏറ്റവും പുതിയ തരംഗം ആരംഭിച്ചിട്ടുണ്ട്. ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്ന ജൂലായ് മാസത്തിൽ ഇത് മൂർദ്ധന്യാവസ്ഥയിൽ എത്തുമെന്നാണ് ആരോഗ്യപ്രവർത്തകർ കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ കാണികളെ പൂർണമായി ഒഴിവാക്കി കൊണ്ടുള്ള ഒളിമ്പിക് മത്സരങ്ങളാകും ഇത്തവണ നടക്കുക. എന്നാൽ കാണികളെ ഒഴിവാക്കുന്നത് ഏറ്റവും അവസാനത്തെ മാർഗമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നിലവിലുള്ള തീരുമാനം അനുസരിച്ച് വിദേശ കായികപ്രേമികളെ പൂർണമായി ഒഴിവാക്കി മത്സരം നടത്താനാണ് ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം. പരമാവധി 10,000 കാണികൾക്കു മാത്രമേ ഒരു സമയം സ്റ്റേഡിയത്തിനുള്ളിൽ പ്രവേശനം അനുവദിക്കുകയുള്ളു. അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് ഇന്ന് ടോക്കിയോയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. അതിനുശേഷം മാത്രമായിരിക്കും കാണികളുടെ പ്രവേശനം സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകുകയുള്ളു.

കൊവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ജപ്പാനിൽ ജൂലായ് 12 മുതൽ ആഗസ്റ്റ് 22 വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് ഭരണകൂടം അറിയിച്ചിരുന്നു. ജൂലായ് 23നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്. അതിനുശേഷം ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സ് ആയ പാരാലിമ്പിക്സും നടക്കും.