india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേ‌ർക്ക് കൊവിഡ് സ്ഥിരീകരിച്ചു.817 മരണങ്ങളാണ് റിപ്പോ‌ർട്ട് ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആക്‌ടീവ് കേസ്‌ലോഡ് അഞ്ച് ലക്ഷത്തിൽ താഴെയാണ്. 4,60,704

ആണ് ഇന്നത്തെ ആക്‌ടീവ് കേസ് ലോഡ്. രാജ്യത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 3.07 കോടിയായി. ഇതിൽ 2.98 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,291 പേർ രോഗമുക്തി നേടി.

മുതിർന്ന കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്ര സിംഗ് ഇന്ന് കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അന്തരിച്ചു. രാജ്യത്ത് രോഗമുക്തി നിരക്ക് ഇന്ന് 97.18 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33.81 ലക്ഷം ഡോസ് വാക്‌സിൻ നൽകി. ഇതോടെ ആകെ നൽകിയ വാക്‌സിൻ ഡോസ് എണ്ണം 36.48 കോടിയായി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് നിരക്കിൽ കാര്യമായ കുറവുണ്ടാകുന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമാണ് ഇതിൽ പ്രധാനം. 15,600 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളമാണ് ആദ്യമുള‌ളത്. സംസ്ഥാനത്ത് ടിപി‌ആർ 10.36 ശതമാനമാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിരവധി ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.