ന്യൂഡൽഹി: പെട്രോൾ ഡീസൽ വില വർദ്ധന ദിവസേന കുതിച്ചുയരുകയാണ്. മിക്ക സംസ്ഥാനങ്ങളിലും ഇത് നൂറ് രൂപക്കു മുകളിൽ എത്തികഴിഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഈടാക്കുന്ന ഉയർന്ന നികുതിയാണ് ഉയർന്ന പെട്രോൾ വിലക്കുള്ള പ്രധാന കാരണം. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നികുതിയാണ് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും കേന്ദ്രം ഈടാക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയും ഒരു ലിറ്റർ ഡീസലിന് 31.80 രൂപയുമാണ് നിലവിൽ കേന്ദ്ര സർക്കാർ ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി. സംസ്ഥാനങ്ങളുടെ നികുതി ഇതിനു പുറമേയാണ്.
അന്താരാഷ്ട്ര വിപണിയിൽ പെട്രോൾ വില കുറയാത്തിടത്തോളം കേന്ദ്രം നികുതി കുറയ്ക്കാതെ പെട്രോൾ വില താഴേക്ക് വരില്ല. എന്നാൽ കൊവിഡ് മൂലമുണ്ടായ അധിക ചിലവ് കാരണം നികുതി കുറയ്ക്കാവുന്ന സാഹചര്യത്തിലല്ല കേന്ദ്രസർക്കാർ. മാത്രമല്ല കൊവിഡിന്റെ രണ്ടാം വരവിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു.
പെട്രോൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിന് ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിരാണ്. അവർക്ക് പെട്രോളിന്റെ വാറ്റ് നികുതിയിൽ നിന്ന് ലഭിക്കുന്നത്ര വരുമാനം ജി എസ് ടിയിൽ നിന്നും ലഭിക്കുന്നില്ലെന്നതാണ് കാരണം. മാത്രമല്ല ജി എസ് ടിയിൽ നിന്നുള്ള വരുമാനം കേന്ദ്രം കൃത്യ സമയത്ത് സംസ്ഥാനങ്ങൾക്കു നൽകാറില്ലെന്നും പരാതിയുണ്ട്. അതിനാൽ തന്നെ തങ്ങൾക്കു ലഭിക്കുന്ന വരുമാനം ഇല്ലാതാക്കാൻ മിക്ക സംസ്ഥാനങ്ങൾക്കും താത്പര്യമില്ല.
പെട്രോൾ നികുതിയിൽ കേന്ദ്രം കുറവുവരുത്താതെയോ പെട്രോളിനെ ജി എസ് ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ തയ്യാറാകുകയോ ചെയ്യാത്തിടത്തോളം പെട്രോൾ ഡീസൽ വില രാജ്യത്ത് കുറയുവാൻ പോകുന്നില്ല.