mansukh

ന്യൂഡൽഹി: രാജ്യം രണ്ട് കൊവിഡ് തരംഗങ്ങളെ നേരിട്ട കാലമാണ്. ആരോഗ്യമേഖലയിൽ വലിയ വെല്ലുവിളികൾ നേരിട്ട സമയം. മൂന്നാം തരംഗ ഭീഷണി നിലനിൽക്കെ അത് ഫലപ്രദമായി നേരിടാൻ വഴിയാലോചിക്കുകയാണ് കേന്ദ്ര സർക്കാർ. രോഗപ്രതിരോധത്തിനാവശ്യമായ ചടുലമായ നടപടികൾക്ക് മികച്ച പ്രവർത്തന റെക്കോർഡുള‌ള സഹമന്ത്രിയെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യ മേഖലയുടെ പരിപൂർണ ചുമതലയേൽപ്പിക്കുകയായിരുന്നു. അങ്ങനെ ഗുജറാത്തിൽ നിന്നുള‌ള 49കാരനായ മൻസുഖ് മാണ്ഡവ്യ ഇന്ത്യയുടെ ആരോഗ്യമന്ത്രിയായി ഇന്നലെ അധികാരമേറ്റു.

2016ൽ ഒന്നാം മോദി മന്ത്രിസഭയിൽ ഗതാഗത, ഹൈവേ, ഷിപ്പിംഗ് സഹമന്ത്രിയായി അധികാരമേറ്റ മാണ്ഡവ്യ വളം, രാസവസ്‌തു വിഭാഗ ചുമതലയുള‌ള സഹമന്ത്രിയെന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് വാക്‌സിൻ നി‌ർമ്മാതാക്കളായ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ്, ഇവിടെത്തന്നെയുള‌ള കൊവാക്‌സിൻ നി‌ർമ്മാണ കേന്ദ്രം എന്നിവിടങ്ങളിൽ മാണ്ഡവ്യ സന്ദർശിച്ച് നിർമ്മാണം വിലയിരുത്തി.

ഗുജറാത്തിൽ നിന്നുള‌ള സഭാംഗമാണ് മൻസുഖ് മാണ്ഡവ്യ. സഹമന്ത്രിമാരിൽ നിന്ന് ക്യാബിനറ്റ് റാങ്കിലേക്ക് ഉയർന്ന ഏഴ് മന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം. ഗുജറാത്ത് കാർഷിക സർവകലാശാലയിൽ നിന്ന് വെറ്ററിനറി സയൻസിഷ ബിരുദവും പിന്നീട് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

എബിവിപിയിലൂടെ സജീവ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 2002ൽ 28ാം വയസിൽ എം‌എൽ‌എയുമായി. 2012ൽ രാജ്യസഭാംഗമായി. 2016ൽ ആദ്യമായി സഹമന്ത്രിയായി. ഇപ്പോൾ രണ്ടാം മോദി സ‌ർക്കാരിൽ മന്ത്രിസഭാ പുനസംഘടനയിൽ കേന്ദ്ര ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്നും ഹർഷ് വർദ്ധനും സഹ ആരോഗ്യമന്ത്രിയായ അശ്വനി ചൗബെയും ഒഴിഞ്ഞതോടെ ഇന്ത്യയുടെ ആരോഗ്യമന്ത്രിയുമായി.

രണ്ടാം കൊവിഡ് തരംഗത്തിൽ ഓക്‌സിജൻ സിലിണ്ടർ ക്ഷാമവും മതിയായ വാക്‌സിൻ ലഭിക്കാത്ത അവസ്ഥയും കേന്ദ്ര സർക്കാരിനും ആഗോള തലത്തിൽ ഇന്ത്യയ്‌ക്കും വലിയ അവമതിപ്പ് ഉണ്ടാക്കിയിരുന്നു. ഈ പ്രശ്‌നങ്ങൾ തികഞ്ഞ പ്രൊഫഷണലായ മൻസുഖ് മാണ്ഡവ്യയുടെ പ്രവർത്തനത്തിലൂടെ മറികടക്കാമെന്ന് ബിജെപി കണക്കുകൂട്ടിയെടുത്തതാകാം ഈ തീരുമാനം.