rape-cases

​തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന ക്രൂരമായ ബലാത്സംഗങ്ങളിൽ സാംസ്‌ക്കാരിക നായകരുടെ മൗനം ചൂടുപിടിച്ച ചർച്ചയാകുന്നു. സാമൂഹ മാദ്ധ്യമങ്ങളിലാണ് ചർച്ചകൾ കൊടുമ്പിരികൊളളുന്നത്. ഉത്തരേന്ത്യയിൽ ഉൾപ്പടെ ബലാത്സംഗം നടന്നാൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നവർ കേരളത്തിൽ അത്തരം സംഭവങ്ങളുണ്ടാകുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നാണ് ആക്ഷേപം. മുമ്പ് പല സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കയച്ച കത്തുകൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

ബി ജെ പി പ്രൊഫൈലുകളിൽ നിന്നാണ് പ്രതിഷേധം കനക്കുന്നത്. കേരള മനസാക്ഷിയെ ഞെട്ടിച്ച വണ്ടിപെരിയാർ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സാംസ്‌ക്കാരിക നായകർ പുലർത്തുന്ന മൗനം പ്രധാന ചർച്ച വിഷയമായത്. കോൺഗ്രസാകട്ടെ വണ്ടിപെരിയാറിനൊപ്പം വടകര. വാളയാർ പീഡനങ്ങൾ കൂടി ഉയർത്തികാട്ടിയാണ് സാംസ്‌ക്കാരിക നായകർക്കെതിരെ ശബ്‌ദം ഉയർത്തുന്നത്.

ആറ് വയസുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ സംഭവത്തിൽ ഒരക്ഷരം പോലും പ്രതികരിക്കാൻ കേരളത്തിലെ ഇടത് പ്രൊഫൈലുകളിലുളള ആരും തയ്യാറായിട്ടില്ല. പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ സാഹിത്യ അക്കാദമിയിലടക്കം പല സ്ഥാനങ്ങളും മോഹിക്കുന്നവരാണ് മൗനികളായി തുടരുന്നതെന്നാണ് ആക്ഷേപം. സംഭവം ഏറ്റുപിടിച്ച് ട്രോളൻമാരും രംഗത്തെത്തിയിട്ടുണ്ട്.