pratima-bhowmick

ന്യൂഡൽഹി: കഴിഞ്ഞ ദിവസമായിരുന്നു രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭ പുന:സംഘടന നടന്നത്. പതിനൊന്ന് വനിതകളാണ് മന്ത്രിസഭയിൽ എത്തിയത്. ഇവരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രതിമാ ഭൗമികിന്റെ കടന്നുവരവാണ്.ത്രിപുരയിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിൽ എത്തുന്ന ആദ്യ വ്യക്തിയാണ് പ്രതിമാ.

ഇതിനുമുൻപ് സന്തോഷ് മോഹൻ ദേവ്, ത്രിഗുണ സെൻ എന്നിവർ കേന്ദ്ര മന്ത്രിസഭയിൽ എത്തിയിരുന്നുവെങ്കിലും ഇവർ ത്രിപുരയുടെ പ്രതിനിധിയായിട്ടായിരുന്നില്ല പാർലമെന്റിലെത്തിയത്. സന്തോഷ് മോഹൻ ദേവ് അസമിലെ സിൽച്ചാറിൽ നിന്നും ത്രിഗുണ സെൻ പശ്ചിമ ബംഗാളിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

സാമൂഹ്യനീതി വകുപ്പിന്റെ സഹമന്ത്രിസ്ഥാനമാണ് പ്രതിമാ ഭൗമികിനെ തേടിയെത്തിയത് നാട്ടുകാർ സ്‌നേഹത്തോടെ 'പ്രതിമാ ദി' എന്ന് വിളിക്കുന്ന അവർ വെസ്റ്റ് ത്രിപുര മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. ആള് ചില്ലറക്കാരിയല്ല.തിപുര വനിതാ കോളേജിൽ നിന്ന് ബയോ സയൻസിൽ ബിരുദം സ്വന്തമാക്കിയ പ്രതിമാ നല്ലൊരു കർഷക കൂടിയാണ്. കൂടാതെ ത്രിപുര ബിജെപിയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഈ അൻപത്തിരണ്ടുകാരി. നിലവിൽ പാർട്ടിയുടെ വൈസ് പ്രസിഡന്റാണ് അവർ. ദീർഘകാലത്തെ പ്രവൃത്തി പരിചയവും അവർക്കുണ്ട്.