ബംളൂരു:കൊവിഡ് വ്യാപനവും അതിനെത്തുടർന്നുള്ള ലോക്ക്ഡൗണും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നയിച്ചത് ഏറെ പിന്നിലേക്ക്. രാജ്യത്തെ ഒട്ടുമിക്കവരുടെയും വരുമാനം ഏറെ താഴ്ന്ന അവസ്ഥയിലാണ്. ബംഗളൂരു ആസ്ഥാനമായ അസിം പ്രേംജി സർവകലാശാലയുടെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ 200 ദശലക്ഷത്തിലധികം പേർക്ക് മിനിമം വേതനത്തേക്കാൾ കുറഞ്ഞ വരുമാനമാണ് ഇപ്പോൾ ലഭിക്കുന്നത്. ഒരു ദിവസം ശരാശരി അഞ്ചുഡോളർ മാത്രമാണ് ഇവരുടെ വരുമാനം. 2025 ഓടെ ഇന്ത്യയെ 5 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ശക്തിയാക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നത്. എന്നാൽ ആ ലക്ഷ്യത്തിലേക്കെത്താൻ ഏറെ വർഷം കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ.
ഉപഭോക്തൃ സമ്പദ് വ്യവസ്ഥയുടെ ഹൃദയമെന്ന് കണക്കാക്കുന്ന മദ്ധ്യവർഗത്തിൽ പെട്ടവരുടെ എണ്ണത്തിലും കഴിഞ്ഞവർഷം കുറവുണ്ടായി. മദ്ധ്യവർഗക്കാരുടെ എണ്ണത്തിൽ 32 ദശലക്ഷമാണ് കുറവുണ്ടായത്. കൊവിഡ് പിടിമുറുക്കും മുമ്പുതന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വിളളലുകൾ വീണിരുന്നു. ബാങ്കുകളുടെ മോശം വായ്പാ നയമാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനൊപ്പം നോട്ടുനിരോധനവും തിടുക്കത്തിൽ നടപ്പാക്കിയ പുതിയ നികുത സമ്പ്രദായങ്ങളും സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. 2022 ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പ്രതീക്ഷിക്കുന്നത്.
2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയെന്ന് കേന്ദ്രസർക്കാർ നേരത്തേ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇക്കാലത്ത് നാലുശതമാനം വളർച്ച നേടിയതശേഷമാണ് ജിഡിപി ചുരുങ്ങിയത്.