afghan

കാബൂൾ: അമേരിക്കൻ സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ 2001ന് ശേഷം വീണ്ടും ഭരണം പിടിക്കാനുള‌ള ശ്രമം വേഗത്തിലാക്കി താലിബാൻ. അഫ്ഗാൻ സർക്കാരിന്റെ സേനയ്‌ക്ക് നേരെ രൂക്ഷമായ ആക്രമണം നടത്തിയ ശേഷം ഇപ്പോൾ അഫ്ഗാൻ പ്രവിശ്യയായ ബാദ്ഗിസിന്റെ തലസ്ഥാനമായ ക്വല ഇ നവിൽ താലിബാൻ ശക്തമായ ആക്രമണം നടത്തി. നഗരവാസികളിൽ ഇത് വലിയ ഭയവും പ്രദേശത്തെ ജയിലിലെ തടവുകാർ തടവ് ചാടി രക്ഷപ്പെടാനും ഇടയാക്കി.

പ്രവിശ്യയുടെ ചുറ്റുമുള‌ള ജില്ലാ പ്രദേശങ്ങളെല്ലാം താലിബാൻ സായുധ സേനാനികൾ പിടിച്ചെടുത്തു കഴിഞ്ഞു. 'ശത്രു നഗരത്തിൽ പ്രവേശിച്ചുകഴിഞ്ഞു. നഗരത്തിലെ എല്ലാ ദിക്കിലും പോരാട്ടം തുടങ്ങിക്കഴിഞ്ഞു.'ബാദ്‌ഗിസ് ഗവർണർ ഹെസാമുദ്ദീൻ ഷംസ് അഭിപ്രായപ്പെട്ടു. ബാദ്ഗിസ് പ്രവിശ്യ കൗൺസിൽ തലവനായ അബ്ദുൾ അസീസ് ബേക്കും താലിബാനെതിരെ പോരാട്ടം തുടങ്ങിയതായി അറിയിച്ചു. ചില സുരക്ഷാ ഉദ്യോഗസ്ഥ‌‌ർ ഗത്യന്തരമില്ലാതെ താലിബാന് കീഴടങ്ങിയതായും വിവരമുണ്ട്.

ഏപ്രിൽ മാസത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഫ്ഗാനിലെ 'എന്നന്നേക്കുമുള‌ള യുദ്ധം' അവസാനിപ്പിക്കുന്നതായി അറിയിച്ച് കഴിഞ്ഞയാഴ്‌ച സേനയെ പിൻവലിച്ചതോടെ താലിബാൻ വൻ മുന്നേറ്റമാണ് രാജ്യത്ത് നടത്തുന്നത്. 2001ൽ താലിബാനെ പരാജയപ്പെടുത്താൻ അമേരിക്കയ്‌ക്കും സഖ്യകക്ഷികൾക്കും സാധിച്ച രാജ്യത്തെ വടക്കൻ ഭാഗത്താണ് താലിബാൻ ശക്തിയായി നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് അമേരിക്കൻ, നാറ്റോ സഖ്യസേന പൂർണമായും പിന്മാറിക്കഴിഞ്ഞു. 421 ജില്ലകളും ജില്ലാ കേന്ദ്രങ്ങളുമുള‌ള രാജ്യത്ത് മൂന്നിലൊന്നും ഇപ്പോൾ താലിബാൻ നിയന്ത്രണത്തിലാണ്.

യുദ്ധം വളരെ പ്രയാസകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അഫ്ഗാനിസ്ഥാനെ പ്രതിരോധിക്കാൻ സേനകൾ പരമാവധി ശ്രമിക്കുകയാണെന്നും പ്രതിരോധ മന്ത്രി ബിസ്‌മില്ലാ മൊഹമ്മദി പറഞ്ഞു. രാജ്യത്തെ സ്ഥിതി പരിഹരിക്കാൻ മദ്ധ്യസ്ഥ ശ്രമത്തിന് തയ്യാറാണെന്ന് ഇറാൻ കഴിഞ്ഞ ദിവസം താലിബാനെയും അഫ്ഗാൻ സർക്കാരിനെയും അറിയിച്ചിരുന്നു. കലാപകലുഷിതമായ അഫ്ഗാനിൽ സമാധാനത്തിനാണ് ഇറാനും താൽപര്യം.

നിലവിൽ താലിബാന്റെ കൈപ്പിടിയിലുള‌ള രാജ്യത്തെ അതിർത്തി മദ്ധ്യേഷ്യൻ രാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിൽ പ്രധാനമാണ്. ഖത്തറിൽ വച്ച് നടന്ന താലിബാൻ-അഫ്ഗാൻ സർക്കാർ സമാധാനശ്രമം പരാജയപ്പെട്ടതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ രാജ്യത്ത് തർക്കം രൂക്ഷമായത്.