muraleedharan

​​കോഴിക്കോട്: കോൺഗ്രസിന്‍റെ പ്രവർത്തന ശൈലിയും ഘടനയും മാറണമെന്ന് മുതിർന്ന നേതാവ് കെ മുരളീധരൻ എം പി. മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുത്. ബി ജെ പിയാണ് കോൺ​ഗ്രസിന്‍റെ മുഖ്യ ശത്രു. കേരളത്തിൽ ശത്രുക്കൾ സി പി എമ്മും ബി ജെ പിയുമാണെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തിൽ സി പി എം ശത്രുവാകുന്നത് അവർ കേരളത്തിൽ സ്വീകരിക്കുന്ന ശൈലി കേന്ദ്രത്തിൽ ബി ജെ പിയുടെ കാർബൺ പതിപ്പാണ് എന്നതിനാലാണ്. തിരഞ്ഞെടുപ്പിൽ ഒമ്പതിടത്ത് ബി ജെ പി രണ്ടാം സ്ഥാനത്ത് വന്നത് നിസാരമായി തള്ളരുത്. കരുണാകരൻ മരിച്ച് ഇത്ര വർഷം കഴിഞ്ഞിട്ടും കേരളത്തിൽ ഉചിതമായ ഒരു സ്‌മാരകം പണിയാൻ സാധിച്ചില്ലെന്നത് ദുഖകരമാണെന്നും മുരളി പറഞ്ഞു.

ചില വ്യക്തികൾ പാർട്ടി വിടുമ്പോൾ ആ വ്യക്തിയുടെ സമുദായവും അദ്ദേഹത്തോടൊപ്പം പോകും. അത് മനസിലാക്കണം. മുഖ്യമന്ത്രി ഓരോ സമുദായ നേതാക്കളെയും കാണാൻ പ്രത്യേക ടീമിനെ വച്ചു. ഇവർ നിരന്തരം സമുദായ നേതാക്കളെ കണ്ടു. അത് ഇടതുമുന്നിക്ക് വലിയ നേട്ടമുണ്ടാക്കി. എൻ എസ് എസ് മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ആഗ്രഹിച്ചത്. മറ്റെല്ലാ സമുദായങ്ങളും കോൺഗ്രസിനെ കൈവിട്ടു.

2001ന് ശേഷം കോൺഗ്രസ് കക്ഷി നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. എന്തുകൊണ്ട് തോറ്റു എന്നതല്ല,എങ്ങനെ ജയിക്കും എന്നതിനെ കുറിച്ച് ആലോചിക്കണം. കൊവിഡ് കാലത്ത് വിശക്കുന്നവൻ സ്വർണക്കടത്തിനെ കുറിച്ച് ഗവേഷണം നടത്തില്ല. ഭക്ഷണം നൽകുന്നവനൊപ്പമേ ജനം നിൽക്കൂ. ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിലും സൗകര്യം ഒരുക്കുന്നവനൊപ്പം ജനം നിൽക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.