veena-george

​​​തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്രസംഘം തൃപ്‌തി അറിയിച്ചതായും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജൂലായ് മാസത്തില്‍ 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി നല്‍കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് ജനസംഖ്യാ അനുപാതത്തില്‍ അല്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗികളുടെ എണ്ണം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് വന്നയാളുകളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. അതുകൊണ്ടുതന്നെ രോഗം വരാന്‍ സാദ്ധ്യതയുള്ള ആളുകളുടെ എണ്ണവും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടത്. ഇതിനോട് കേന്ദ്രസംഘം അനുകൂലമായാണ് പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് നിയന്തണങ്ങളുമായി സംസ്ഥാനം സ്വീകരിച്ച എല്ലാ നടപടികളിലും കേന്ദ്രസംഘം സംതൃപ്‌തി രേഖപ്പെടുത്തിയതായും ടി പി ആര്‍ നിരക്ക് സംബന്ധിച്ച് ആശങ്കകളില്ലെന്നുമാണ് കേന്ദ്രസംഘം അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രത്യേകമായ നിര്‍ദേശങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ആശുപത്രികള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധമായി അതീവ ജാഗ്രത എല്ലാവരും തുടരണം. വാക്‌സിൻ എടുത്തത് കൊണ്ട് സുരക്ഷിതരാകുന്നില്ല. ആൾക്കൂട്ടം ഒഴിവാക്കണം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. അതീവ വ്യക്തി ജാഗ്രത തുടർന്നേ മതിയാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.