ന്യൂഡൽഹി: ബ്രിട്ടീഷ് എണ്ണ കമ്പനിയായ കെയ്ൻ എനർജിയുമായുളള നികുതി തർക്ക കേസിൽ ഇന്ത്യയ്‌ക്ക് തിരിച്ചടി. 1.7 ബില്യൺ ഡോളർ വിലവരുന്ന ഫ്രാൻസിലെ 20ഓളം ഇന്ത്യൻ സർക്കാർ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഫ്രഞ്ച് കോടതി കമ്പനിക്ക് അനുമതി നൽകി. ജൂൺ 11നാണ് കോടതി കമ്പനിക്ക് അനുമതി നൽകിയത്. ബുധനാഴ്‌ച വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയായി.
മുൻകൂർ നികുതി ആവശ്യം നിരസിച്ചതോടെ കമ്പനിക്ക് 1.2 ബില്യൺ അമേരിക്കൻ ഡോളറും അതിന്റെ പലിശയും സഹിതം ഇന്ത്യ തിരികെ നൽകണമെന്ന് ഡിസംബർ മാസത്തിൽ രാജ്യാന്തര തർക്ക പരിഹാര സെൽ നിർദ്ദേശിച്ചിരുന്നു. ഇന്ത്യ സർക്കാർ ഇത് അംഗീകരിക്കാതെ വിവിധ രാജ്യങ്ങളിലെ കോടതികളിൽ കമ്പനി പരാതി നൽകി. അങ്ങനെയാണ് ഫ്രാൻസിലെ ഇന്ത്യൻ സർക്കാർ വകകൾ കണ്ടുകെട്ടിയത്.