nazeer

തിരുവനന്തപുരം: കിറ്റെക്‌സ് വിവാദത്തിൽ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. എന്നാൽ ആ വിവാദത്തിന്റെ ചൂടാറും മുൻപ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കാൻ മറ്റൊരു സംഭവം.

29 വർഷം ഗൾഫിൽ അദ്ധ്വാനിച്ച് കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് സ്വന്തം നാടായ കഴക്കൂട്ടത്ത് ഷോപ്പിംഗ് മാൾ നി‌ർമ്മിക്കാൻ ശ്രമിച്ച കഴക്കൂട്ടം ബ്ളോക്ക് ഓഫീസിന് സമീപം താമസിക്കുന്ന നസീറിന്(61) നേരിടേണ്ടി വന്നത് നോക്കുകൂലിയുടെ പേരിലുള‌ള വലിയ ഭീഷണി.

ഷോപ്പിംഗ് കോംപ്ളക്‌സ് നി‌ർമ്മാണത്തിനുള‌ള സാധനങ്ങൾ ലോറിയിൽ നിന്നും ഇറക്കാൻ സിഐടിയു യൂണിയനിൽ പെട്ട കയറ്റിറക്ക് തൊഴിലാളികൾ അമിതകൂലി ആവശ്യപ്പെട്ടു. നസീർ ഇതിന് തയ്യാറാകാതിരുന്നതോടെ ഇദ്ദേഹത്തെ ഓടിക്കാനും 'തൂക്കി ചെവരിലിടിക്കും' എന്ന് വധഭീഷണി മുഴക്കാനും ചില തൊഴിലാളികൾ തയ്യാറായി.

കെട്ടിട നിർമ്മാണത്തിനുള‌ള 600 ഷീറ്റുകൾ ഇറക്കുന്ന സമയത്താണ് തൊഴിലാളികൾ എത്തിയത്. ഒന്നിന് 21 രൂപ വച്ച് പണം വേണമെന്ന് ആവശ്യപ്പെട്ട് ഇവർ ലോറി തടഞ്ഞു. തർക്കമായതോടെ നസീർ ഇക്കാര്യം സൂചിപ്പിച്ച് കഴക്കൂട്ടം ലേബർ ഓഫീസർക്കും ക്ഷേമനിധി ബോർഡിനും പരാതി നൽകി. കഴക്കൂട്ടം പൊലീസിലും പരാതി പറഞ്ഞെന്ന് അറിയിച്ച നസീറിന് പക്ഷെ എവിടെ നിന്നും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല.


എട്ട് കോടിയോളം രൂപ മുതൽമുടക്കിലാണ് മാൾ നിർ‌മ്മാണം. മൂന്നരക്കോടി രൂപ ഇതുവരെ മുടക്കിക്കഴിഞ്ഞു. ഇതിൽ നല്ലൊരു പങ്ക് ബാങ്ക് ലോണാണ്.അതേ സമയം നസീറിന്റെ പരാതിയിൽ ഈ മാസം 13ന് ലേബ‌ർ കമ്മീഷണറുടെയും ജില്ലാ ലേബർ ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ നസീറിനെ തൊഴിലാളികളുമായി ചർച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്.

അതേസമയം നസീ‌ർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. മോശമായി പെരുമാറിയ കുട്ടൻ എന്ന തൊഴിലാളിക്ക് നേരെ അച്ചടക്ക നടപടിയെടുത്തതായും മറ്റുള‌ളവർക്ക് താക്കീത് നൽകിയതായും കഴക്കൂട്ടം ലേബർ ഓഫീസർ കെ.വി ഹരികുമാറും അറിയിച്ചു.