കോഴിക്കോട്: ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ക്യാൻസർ രോഗികൾക്ക് ആശ്വാസം പകർന്ന് ഓൺലൈൻ മോട്ടിവേഷണൽ മെന്റലിസം പ്രോഗ്രാം. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൈൻഡ് റീഡർ എന്ന റെക്കോർഡിന് ഉടമയായ മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോട് ആണ് 'അതിജീവനം വീ കാൻ ' എന്ന ക്യാൻസർ അതിജീവന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പരിപാടി അവതരിപ്പിച്ചത്.
' സൂം ' ലൂടെ നൂറോളം ക്യാൻസർ രോഗികൾ വീട്ടിലിരുന്ന് കൊണ്ട് പരിപാടിയിൽ പങ്കെടുത്തു.ക്യാൻസർ രോഗത്തിന്റെ അവശതകളും, പ്രതിസന്ധികളും നേരിട്ടുന്നവർക്ക് കൊവിസ് 19 പറഞ്ഞറിയിക്കാനാവാത്ത ഒറ്റപ്പെടലും ദുരിതങ്ങളുമാണ് സമ്മാനിച്ചത്. ഈ പ്രതിസന്ധിയിൽ മാനസികമായി തളർന്നുപോകാതെ പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് ആർജ്ജിക്കാൻ ഈ ഓൺലൈൻ മെന്റലിസം പ്രോഗ്രാം സഹായിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മനസിന്റെ ഇന്ദ്രജാലമായ മെന്റലിസവും പ്രചോദനാത്മകമായ സന്ദേശങ്ങളും കോർത്തിണക്കിക്കൊണ്ട് മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോട് കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്ത് രൂപം നൽകിയതാണ് ഈ പരിപാടി.ഇതിനോടകം മസ്‌കുലാർ ഡിസ്‌ട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച മലയാളികളുടെ കൂട്ടായ്മയായ ' മെൻഡ് ', വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്രണ്ട് ചിൽഡ്രൺസ് പ്രോഗ്രാം തുടങ്ങി നിരവധി വേദികളിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഈ പ്രതിസന്ധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അതിജീവനത്തിന്റെ സന്ദേശവും മാനസിക പ്രതിരോധശേഷിയും നൽകുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പ്രീത്ത് അഴീക്കോട് പറയുന്നു.മാജിക്കിന്റെയും മന:ശ്ശാസ്ത്രത്തിന്റെയും സമന്വയമായ മെന്റലിസം എന്ന അവതരണകല ഇത്തരം കാര്യങ്ങൾക്ക് ഏറ്റവും ഉചിതമാണെന്നും പ്രീത് കൂട്ടിച്ചേർത്തു.പത്ത് വർഷത്തോളമായി ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം.
കൊവിഡ് മഹാമാരിയെ നേരിടുമ്പോൾ മാസ്‌ക്, സാനിറ്റൈസേഷൻ, സാമൂഹിക അകലം തുടങ്ങിയവയിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങൾ മാത്രം മതിയാവില്ലെന്നും, മാനസിക ആരോഗ്യത്തോടെ മുന്നോട്ട് പോകാനും ജനങ്ങളെ പ്രാപ്തരാക്കുന്നതിന് ശാസ്ത്രീമായ പരിശീലന പരിപാടികൾക്ക് കൂടി ഊന്നൽ നൽകിക്കൊണ്ടുള്ള സമീപനം ആവശ്യമാണെന്നും സൈക്കോളജി മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
രണ്ട് മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ 'അതിജീവനം' കൂട്ടായ്മയുടെ സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ ബാലകൃഷ്ണൻ, മജീഷ്യൻ അബിൻദാസ് തുടങ്ങിയവർ സംസാരിച്ചു.സംഘടനകൾക്കും കൂട്ടായ്മകൾക്കും വേണ്ടി പ്രചോദനാത്മക മെന്റലിസം പ്രോഗ്രാമുകൾ ഓൺ ലൈൻ ആയി അവതരിപ്പിക്കുന്നത് തുടരുമെന്ന് പ്രീത്ത് അഴീക്കോട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:9895794432