actress-vimala

വൃക്കരോഗിയായ മകളുടെ ചികിത്സയ്ക്ക് സഹായം തേടി നടി വിമല. ആറ് വർഷത്തോളമായി വിമലയുടെ മകൾക്ക് രോഗം ബാധിച്ചിട്ട്.വൃക്ക നൽകാൻ താൻ തയ്യാറാണെങ്കിലും ഡയാലിസിന് പോലും പണമില്ലെന്ന് നടി പറയുന്നു.

'ഇതെന്റെ മോളാണ്. അവൾക്ക് കിഡ്‌നിയ്ക്ക് അസുഖം തുടങ്ങിയിട്ട് ആറ് വർഷത്തോളമായി. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനുപോലും ഇപ്പോൾ നിവൃത്തിയില്ലാതിരിക്കുകയാണ്.കിഡ്‌നി മാറ്റിവയ്ക്കണമെന്ന് പറഞ്ഞു.ഞാൻ കിഡ്‌നി കൊടുക്കാന്ന് വിചാരിച്ചതാണ്. പക്ഷേ ഓപ്പറേഷൻ ചെയ്യാൻ പോലും ഞങ്ങളുടെ കൈയിൽ കാശില്ല.ദയവു ചെയ്ത് എല്ലാവരും സഹായിക്കണം.യാതൊരു വഴിയുമില്ല'- വിമല പറഞ്ഞു.

സഹായിക്കാമെന്നുറപ്പ് നൽകി കാസർകോട് നിന്ന് ഒരു വ്യക്തിയെത്തിയിരുന്നു. തങ്ങളെവച്ച് സഹായം അഭ്യര്‍ത്ഥിച്ച് ഒരു വീഡിയോ ചെയ്യാമെന്നും, വീഡിയോ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായം ലഭിക്കാനും 13000 രൂപ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടുവെന്ന് വിമല പറയുന്നു. അത് വിശ്വസിച്ച് സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലത്തില്‍ നിന്ന് ഇയാള്‍ക്ക് പണം നല്‍കി. തുടര്‍ന്ന് ഒരു തവണ കൂടി വീഡിയോ പോസ്റ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഇയാള്‍ പണം വാങ്ങി. മൊത്തം ഇരുപതിനായിരത്തോളം രൂപയാണ് ഇത്തരത്തില്‍ ഇയാള്‍ക്ക് നൽകിയത്. സഹായമൊന്നും കിട്ടാതായതോടെ വിളിച്ചു. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മുപ്പതിനായിരം രൂപ തരാനും ഇതിലൂടെ വീഡിയോ കൂടുതല്‍ ആളുകളില്‍ എത്തുമെന്നുമായിരുന്നു അയാള്‍ പറഞ്ഞത്.ഈ തുക കയ്യിലുണ്ടായിരുന്നെങ്കില്‍ സഹായം അഭ്യര്‍ത്ഥിക്കില്ലായിരുന്നല്ലോ എന്ന് ചോദിച്ച് ഫോണ്‍വച്ചുവെന്ന് വിമല കൂട്ടിച്ചേർ‌ത്തു.

രണ്ട് പെണ്‍കുട്ടികളാണ് വിമലയ്ക്ക് ഉള്ളത്. ഭര്‍ത്താവ് നാരായണന്‍ വർഷങ്ങൾക്ക് മുൻപ് മരിച്ചു. ഭർത്താവ് മരിച്ചതിന് ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് വിമല മക്കളെ വളർത്തിയത്. രണ്ട് പേരുടെയും വിവാഹം നടത്തി. താമസിച്ചിരുന്ന വീട് വരെ വില്‍ക്കേണ്ടി വന്നു.

ഇതിനിടെയാണ് വിമലയ്ക്ക് ഒരു സിനിമ യൂണിറ്റില്‍ ജോലി കിട്ടിയത്. മഹേഷിന്റെ പ്രതികാരം പോലുള്ള ചില സിനിമകളിൽ അഭിനയിക്കാനും അവസരം ലഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ സാറാസ് എന്ന ചിത്രത്തിൽ വിമല അവതരിപ്പിച്ച അമ്മായിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സിനിമാ താരമായെങ്കിലും സംഘടനകളില്‍ ഒന്നും തന്നെ വിമല അംഗമല്ല. ലക്ഷക്കണക്കിന് രൂപയാണ് മകളുടെ ചികിത്സയ്ക്കായി ആവശ്യം വരുന്നത്. ഈ തുക കണ്ടെത്താൻ സുമനസുകളുടെ സഹായം അത്യാവശ്യമാണ്.

ACCOUNT NUMBER: 67255098984

IFSC CODE:SBIN0016860

SBI BANK PERUMPILLYNJARAKKAL

GOOGLE PAY: 9995299315