ന്യൂഡൽഹി: ആരെകൊണ്ടും പിടിച്ചുകെട്ടാൻ കഴിയാത്ത രീതിയിൽ പെട്രോൾ വില മുന്നേറികൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ പല കോണുകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്. പെട്രോൾ വില നൂറ് കടന്നതോടെ പല പ്രമുഖരും ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി മുന്നോട്ട് വന്നിട്ടുണ്ട്. അതിൽ ഏറ്റവും പുതിയ ആളാണ് ബോളിവുഡ് അഭിനേത്രി സണ്ണി ലിയോൺ. പെട്രോൾ വില നൂറ് കടന്ന സാഹചര്യത്തിൽ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലതെന്ന് സണ്ണി ലിയോണ്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒപ്പം സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.
പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് ഇന്ന് വീണ്ടും കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയിലെത്തി, ഡീസല്‍ 96.21 രൂപ എന്ന നിലയിലുമെത്തി. കോഴിക്കോട് പെട്രോൾ വില 101.രൂപ 03 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 100 രൂപ 61 പൈസയും ഡീസലിന് 95.44 രൂപ പൈസയുമായി.