euro-cup

സെമിയിൽ ഇംഗ്ളണ്ടിനോട് 2-1ന് തോറ്റ് ഡെന്മാർക്ക്

വിജയഗോളടിച്ചത് പെനാൽറ്റിയിൽ നിന്ന് ഹാരികേൻ

ഇംഗ്ളണ്ടിന് പെനാൽറ്റി അനുവദിച്ചത് വിവാദത്തിൽ

വെംബ്ളി : ഡെന്മാർക്കിന്റെ അവിശ്വസനീയ കുതിപ്പിന് വിവാദത്തിന്റെ അകമ്പടിയോടെ വിരാമമിട്ട് ഇംഗ്ളണ്ട് ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിലെത്തി. കഴിഞ്ഞ രാത്രി തങ്ങളുടെ തട്ടകമായ വെംബ്ളിയിൽ അധികസമയത്തേക്ക് കടന്ന സെമിഫൈനലിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് വിജയിച്ചാണ് ഇംഗ്ളീഷ് ടീം കന്നി കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

എതിരാളികളുടെ തട്ടകത്തിൽ ഡാംസ്ഗാർഡിന്റെ തകർപ്പൻ ഒരു ഫ്രീകിക്ക് ഗോളിലൂടെ 30-ാം മിനിട്ടിൽ ഡെന്മാർക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ ഒൻപത് മിനിട്ടുകൾക്കകം ഡെന്മാർക്ക് നായകൻ സൈമൺ കായേറിന്റെ കാലിൽതട്ടിയ പന്ത് സ്വന്തം വലയിൽ കയറിയതോടെ ഇംഗ്ളണ്ടിന് സമനിലയുടെ ആശ്വാസമായി. നിശ്ചിത സമയം പൂർത്തിയാകുംവരെയും സ്കോർ ബോർഡിന് അനക്കമില്ലാതിരുന്നതോടെ കളി അധികസമയത്തേക്ക് നീണ്ടു.അധിക സമയത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റഹിം സ്റ്റെർലിംഗിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെ ഹാരി കേൻ ആതിഥേയർക്ക് വിജയമൊരുക്കി.തന്റെ കിക്ക് ഡാനിഷ് ഗോളി കാസ്പെർ സ്മിഷേൽ തട്ടിത്തെറുപ്പിച്ചത് പി‌ടിച്ചെടുത്തായിരുന്നു കേനിന്റെ സ്കോറിംഗ്. അതേസമയം പെനാൽറ്റി നൽകാൻ തക്ക ഫൗൾ ഉണ്ടായിരുന്നില്ലെന്നും റഹിം സ്റ്റെർലിംഗിന്റേത് അഭിനയമായിരുന്നുവെന്നും പരാതിയുമായി ഡാനിഷ് ആരാധകർ രംഗത്തുവന്നതാണ് സെമി വിവാദത്തിലാക്കിയത്.

ഡെന്മാർക്ക് ക്വാർട്ടർ ഫൈനലിൽ കളിച്ച അതേ ടീമിനെ നിലനിറുത്തിയപ്പോൾ ഇംഗ്ലണ്ട് ജേഡൻ സാഞ്ചോയ്ക്ക് പകരം ബുക്കായോ സാക്കയെ ആദ്യ ഇലവനിലിറക്കി. ഇംഗ്ലണ്ട് 4-2-3-1 ശൈലിയിലും ഡെന്മാർക്ക് 3-4-3 ഫോർമേഷനിലുമാണ് കളിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. മനോഹരമായ പാസിംഗ് ഗെയിമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്.

അഞ്ചാം മിനിട്ടിൽ ഹാരി കേനിന്റെ ഉജ്ജ്വലമായ ക്രോസിന് കാൽ വെച്ച് ഗോൾ നേടാൻ സ്‌റ്റെർലിംഗിന് സാധിച്ചില്ല. 12-ാം മിനിട്ടിൽ രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് സ്‌റ്റെർലിംഗ് ബോക്‌സിനകത്തേക്ക് കയറിയെങ്കിലും ദുർബലമായ ഷോട്ട് കാസ്‌പെർ കൈയ്യിലൊതുക്കി.15-ാം മിനിട്ടിലാണ് മത്സരത്തിലാദ്യമായി ഡെന്മാർക്ക് ഒരു മുന്നേറ്റം നടത്തിയത്. ആദ്യമിനിട്ടുകളിൽ തണുത്ത കളിയാണ് പുറത്തെടുത്തതെങ്കിലും പതിയെ ഡെന്മാർക്ക് മത്സരത്തിൽ പിടിമുറുക്കി. ആദ്യഗോൾ നേടാൻ അവർക്ക് കഴിയുകയും ചെയ്തു.

തലയുയർത്തി ഡെന്മാർക്ക്

ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ശേഷം ടൂർണമെന്റിൽ അദ്ഭുതക്കുതിപ്പ് നടത്തിയ ഡെന്മാർക്ക് തലയുയർത്തിത്തന്നെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. സൂപ്പർ താരമായിരുന്ന ക്രിസ്റ്റ്യൻ എറിക്സൺ ആദ്യ മത്സരത്തിൽ കുഴഞ്ഞുവീണ സംഭവം ടീമിന് പകർന്നുനൽകിയ കൂട്ടായ്മയാണ് ഈ കുതിപ്പിന് പിന്നിൽ. പ്രീ ക്വാർട്ടറിൽ വെയ്ൽസിനെ 4-0ത്തിനും ക്വാർട്ടറിൽ ചെക്ക് റിപ്പബ്ളിക്കിനെ 2-1നുമാണ് തോൽപ്പിച്ചത്. ടൂർണമെന്റിൽ ഇംഗ്ളീഷ് വലകുലുക്കിയ ഏക ടീമെന്ന ഖ്യാതിയും ഡെന്മാർക്കിനുണ്ട്. ടൂർണമെന്റിലെ തന്നെ ആദ്യ ഡയറക്ട് ഫ്രീ കിക്ക് ഗോളാണ് ഡാംസ്ഗാർഡ് നേടിയത്. സെമിയിൽ ഡെന്മാർക്ക് ഗോൾകീപ്പർ കാസ്‌പെർ ഷ്‌മൈക്കേൽ ആരാധകരുടെ മനം കവർന്ന പ്രകടനം കാഴ്ചവെച്ചു. ഗോളെന്നുറച്ച അരഡസനോളം ഷോട്ടുകളാണ് കാസ്‌പെർ തട്ടിയകറ്റിയത്.


ഗോളുകൾ ഇങ്ങനെ

0-1

30-ാം മിനിട്ട്

മിക്കേൽ ഡാംസ്ഗാർഡ്

ഇംഗ്ലീഷ് നിരയെ ഞെട്ടിച്ചുകൊണ്ടാണ് ഡെന്മാർക്ക് ലീഡെടുത്തത്. ബോക്സിന് പുറത്തുവച്ച് എടുത്ത ഒരു ഫ്രീ കിക്ക് പ്രതിരോധ മതിലിന് മുകളിലൂടെ അടിച്ചുയർത്തി വലയിലേക്ക് വളച്ചുവീഴ്ത്തുകയായിരുന്നു ഡാംസ്ഗാർഡ്. ടൂർണമെന്റില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഗോൾ വഴങ്ങിയത്.

1-1

39-ാം മിനിട്ട്

സിമോൺ കായേർ (സെൽഫ്)

പന്തുമായി മുന്നേറിയ ബുക്കായോ സാക്ക ഡെന്മാർക്ക് താരങ്ങൾക്കൊപ്പം ഓടിക്കയറിയ സ്‌റ്റെർലിംഗിനെ ലക്ഷ്യമാക്കി ക്രോസ് നല്‍കി. സ്‌റ്റെർലിംഗിന് മുന്നേ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കവേ കായേറിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറി.

2-1

104-ാം മിനിട്ട്

ഹാരി കേൻ

102-ാം മിനിട്ടിൽ ബോക്‌സിൽ വെച്ച് സ്‌റ്റെർലിംഗിനെ യോക്കിം മേയ് പിന്നിൽ നിന്ന് ഫൗൾ ചെയ്ത് വീഴ്ത്തിയതിനേത്തുടർന്ന് ഇംഗ്ലണ്ടിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ഹാരി കേൻ എടുത്ത കിക്ക് കാസ്പർ തട്ടിക്കളഞ്ഞെങ്കിലും പന്ത് വീണ്ടും കേനിന്റെ കാലിലേക്കാണെത്തിയത്. ഷ്‌മൈക്കേലിനെ നിസഹായനാക്കി കേൻ ഇംഗ്ലണ്ടിന്റെ വിജയഗോളാഘോഷിച്ചു.

1966

ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ ഇടം പിടിക്കുന്നത്.

1996

യൂറോ കപ്പിന്റെ സെമി ഫൈനലിലെത്തിയിരുന്നെങ്കിലും ജർമ്മനിയോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്താകേണ്ടിവന്നു.

729

മിനിട്ടിനുശേഷമാണ് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്‌ഫോഡിനെ മറികടന്ന് പന്ത് വലയിലെത്തുന്നത്.

1966

ലോകകപ്പിൽ 720 മിനിട്ടുകൾ ഗോൾ വീഴാതെ വലകാത്ത വിഖ്യാത ഗോളി ഗോർഡൻ ബാങ്ക്സിന്റെ റെക്കാഡ് പിക്ക്ഫോഡ് മറിക‌ടന്നു.

1

ഈ യൂറോയിൽ ഇംഗ്ളണ്ട് ആദ്യമായാണ് ഗോൾ വഴങ്ങിയത്. നേരിട്ടുള്ള ഫ്രീകിക്കിൽ നിന്നുള്ള ആദ്യ ഗോളും ഇതായിരുന്നു.

4

ഇംഗ്ളണ്ട് നായകൻ ഹാരി കേൻ ഈ യൂറോ കപ്പിൽ നാലു ഗോളുകൾ തികച്ചു.