ലക്നൗ: കുടുംബത്തിന്റെ അനുവാദമില്ലാതെ അന്യജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിനെ അമ്മ വിവാഹവേദയിൽ കയറി ചെരിപ്പൂരി തല്ലി. ഉത്തർപ്രദേശിൽ ഹാമിർപൂർ ജില്ലയിലെ സുമേർപൂരിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങളുണ്ടായത്. ചടങ്ങിനെത്തിയവർ ഏറെ പണിപ്പെട്ടാണ് വരന്റെ അമ്മയെ പിന്തിരിപ്പിച്ചത്. ഇതിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് .
യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹത്തിന് സമ്മതിക്കണമെന്ന് യുവാവ് വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതേത്തുടർന്ന് ഇരുവരും അടുത്തിടെ രഹസ്യമായി വിവാഹിതരായി. ഇക്കാര്യമറിഞ്ഞ യുവതിയുടെ വീട്ടുകാർ വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചു. സുമേർപൂരിലെ ഒരു ഗസ്റ്റ് ഹൗസായിരുന്നു വിവാഹവേദി. വരന്റെ വീട്ടുകാരെ ആരെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. എന്നാൽ വിവരമറിഞ്ഞ് വരന്റെ അമ്മ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി. ഈ സമയം കറങ്ങുന്ന കതിർമണ്ഡപത്തിൽ നിന്ന് വധൂവരന്മാർ പരസ്പരം മാലചാർത്തുകയായിരുന്നു. ഫോട്ടോഗ്രാഫർമാർക്കിടയിലൂടെ വേദിയിലേക്ക് പാഞ്ഞുകയറിയ അവർ വരനെ ചെരുപ്പൂരി തലങ്ങും വിലങ്ങും തല്ലി. കറങ്ങുന്ന മണ്ഡപമായതിനാൽ അടി കൂടുതലും കിട്ടിയത് വധുവിനായിരുന്നു എന്നുമാത്രം.
സംഭവം പന്തിയല്ലെന്ന് കണ്ടതോടെ ചടങ്ങിനെത്തിയവർ ഇടപെട്ട് വരന്റെ അമ്മയെ താഴെയിറക്കി. എന്നിട്ടും അവർ പോവാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഏറെ പണിപ്പെട്ട് അനുനയിപ്പിച്ച് വീട്ടിലേക്ക് വിടുകയായിരുന്നു.
#A4Times#हमीरपुर
— A4Times (@a4_times) July 4, 2021
दूल्हे की माँ ने जयमाल के वक्त बेटे पर चप्पल से किया हमला, वीडियो वायरल,
माँ को यह रिश्ता मंज़ूर नहीं था,
सुमेरपुर थाना क्षेत्र में एक मैरेज हाल का है वीडियो.#ViralVideo #marriage pic.twitter.com/sVO6pDSndr