twitter

ന്യൂഡൽഹി: അധികാരമേറ്റ ആദ്യ ദിവസം തന്നെ ട്വിറ്ററിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി പുതിയ കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ഓരോ രാജ്യത്തും അവിടുത്തെ നിയമം ആണ് വലുതെന്നും അത് പാലിക്കപ്പെടുക തന്നെ വേണമെന്നും ട്വിറ്ററിനെ ഉദ്ദേശിച്ച് മന്ത്രി പറഞ്ഞു. ട്വിറ്ററും കേന്ദ്ര സർക്കാരും വളരെ നാളുകളായി പുതിയ ഐ ടി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിലാണ്.

നിയമം അനുസരിച്ച് ട്വിറ്റർ പോലുള്ള സാമൂഹിക മാദ്ധ്യമങ്ങൾ ഒരു ഇന്ത്യൻ പൗരനെ തങ്ങളുടെ പരാതി പരിഹാര ആഫീസറായി നിയമിക്കണം. ഫേസ്ബുക്ക് പരാതി പരിഹാര ആഫീസറെ നിയമിച്ചു കഴിഞ്ഞെങ്കിലും ട്വിറ്റർ ഇതുവരെയായും അത്തരമൊരു നിയമനം നടത്തിയിട്ടില്ല.

അതേസമയം എട്ട് ആഴ്ചയ്ക്കുള്ളിൽ പരാതി പരിഹാര ആഫീസറെ നിയമിക്കാൻ തങ്ങൾ ശ്രമിക്കാം എന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾ താത്കാലികാടിസ്ഥാനത്തിൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഒരു വ്യക്തിയെ പരാതി പരിഹാര ആഫീസറായി നിയമിച്ചിട്ടുണ്ടെന്നും ജൂലായ് 6ന് ആ വ്യക്തി സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞുവെന്നും ട്വിറ്റർ അറിയിച്ചു. ഇതേ കാര്യം രേഖാമൂലം തങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ട്വിറ്റർ കോടതിയിൽ വ്യക്തമാക്കി.