
കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര സംവിധായിക ലക്ഷദ്വീപ് സ്വദേശിനി ഐഷ സുൽത്താനയെ കവരത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി കാക്കനാട്ടെ ഐഷയുടെ ഫ്ളാറ്റിലെത്തിയാണ് കവരത്തി പൊലീസ് മൂന്നാം തവണയും ഐഷയെ ചോദ്യം ചെയ്യുന്നത്. മുൻപ് ലക്ഷദ്വീപിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു.
അതേസമയം ചോദ്യം ചെയ്യുന്ന വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് ഐഷ പ്രതികരിച്ചത്. അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾ നടക്കുന്ന ലക്ഷദ്വീപിൽ ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനമുണ്ടായിരുന്നില്ല. കൊവിഡ് ദ്വീപിൽ കേന്ദ്ര സർക്കാരിന്റെ ബയോ വെപ്പണാണെന്ന് ഐഷ ചാനൽ ചർച്ചയ്‌ക്കിടെ ആരോപിച്ചതാണ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാൻ കാരണം. സംഭവത്തിൽ അന്വേഷണം നടക്കുന്നതേയുളളു എന്നതിനാൽ ഹൈക്കോടതി ഐഷയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിക്കാൻ കഴിയില്ല എന്നറിയിച്ചിരുന്നു. അന്വേഷണം സ്‌റ്റേ ചെയ്യുന്നതിനും കോടതി വിസമ്മതിച്ചിരുന്നു.