കൊച്ചി: ആനി ശിവയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്‌മണയ്ക്ക് എതിരെ കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐ ടി ആക്‌ട് എന്നീ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എസ് ഐ ആയി ആനി ശിവ ചുമതലയേറ്റ് എടുത്തതിന് പിന്നാലെയായിരുന്നു സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൈയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള്‍ മറ്റുള്ളവരുടെ സംരക്ഷണ ചുമതല എങ്ങനെ ഏറ്റെടുക്കും എന്നരീതിയിലായിരുന്നു പരിഹാസം.
ഒട്ടേറെ പേർക്ക് പ്രചോദനമാകുന്ന ആനി ശിവയുടെ ജീവിതം അടുത്തിടെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരുന്നു. പതിനെട്ടാം വയസില്‍ വീട്ടുകാരെ ധിക്കരിച്ച് ഇഷ്‌ടപ്പെട്ട ആൾക്കൊപ്പം വിവാഹം കഴിച്ച ആനി ഒരുമിച്ച് പോകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുപതാം വയസിൽ കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്‌ത അവർ ഡിസ്റ്റൻസായി എം എ പൂർത്തിയാക്കിയ ശേഷം സുഹൃത്തിന്‍റെ സഹായത്തോടെ എസ് ഐ പരീക്ഷയ്ക്ക് തയാറെടുപ്പ് നടത്തി തന്‍റെ ആഗ്രഹം നിറവേറ്റുകയായിരുന്നു.