ചെന്നൈ:വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. അതിനായി ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ അവർ സഞ്ചരിച്ചെന്നിരിക്കുകയും ചെയ്യും. എന്നാൽ അക്ഷയ എന്ന യുവതി ചെയ്തത് ആരും ചെയ്യാൻ ധൈര്യപ്പെടാത്ത ഒന്നായിരുന്നു. പാനിപൂരികൊണ്ടുള്ള കിരീടവും മാലയുമൊക്കെ ധരിച്ചാണ് കക്ഷി വിവാഹദിനം വ്യത്യസ്തമാക്കാൻ തീരുമാനിച്ചത്. അക്ഷയയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ഇതിനകം നാലുലക്ഷത്തിലേറെപ്പേരാണ് കണ്ടത്.
പാനിപൂരിയോടുള്ള കടുത്ത പ്രണയമാണ് അക്ഷയയെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. ആ സ്നേഹം വിവാഹ ദിവസവും പ്രകടിപ്പിക്കാമെന്ന് വിചാരിക്കുകയായിരുന്നു. ബന്ധുക്കളോടും പ്രതിശ്രുത വരനോടും പറഞ്ഞപ്പോൾ അവർക്കും സമ്മതം. മേക്കപ്പ് ആർട്ടിസ്റ്റിനോട് കാര്യമവതരിപ്പിച്ചു. വസ്ത്രത്തിലോ ചർമ്മത്തിലോ ഒരു പാടുപോലും വീഴ്ത്താതെ അവർ അക്ഷയയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. ഒരു പ്രശ്നവും പറയാനില്ലാത്ത തിരഞ്ഞെടുപ്പ് എന്നാണ് വധുവിന്റെ ആഗ്രഹത്തെ മേക്കപ്പ് ആർട്ടിസ്റ്റ് വിശേഷിപ്പിച്ചത്. വധുവിനും വരനും അവർ ആശംസകൾ നേരുന്നുമുണ്ട്. പുലർച്ചയായിരുന്നു മേക്കപ്പ് തുടങ്ങിയത്. വൈകുന്നേരത്തോടെയായിരുന്നു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോ ചിത്രീകരിച്ചത്.
കാച്ചിയെടുത്ത പപ്പടങ്ങൾ വധുവിന്റെ തലയിൽ വച്ച് അമർത്തി പൊട്ടിക്കുന്ന തമാശകലർന്ന മറ്റൊരു വീഡിയാേയും മേക്കപ്പ് ആർട്ടിസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഇതും ആയിരങ്ങളാണ് കണ്ടത്.