turtle

വ്യത്യസ്തമായൊരു ബിസിനസ് ഐഡിയ ആണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ 94 വയസുള്ള ആമയെ വാങ്ങിയാൽ ഫ്രീയായി ലഭിക്കുന്നത് ഒരു കൂടല്ല,​ വീടാണ്. പക്ഷേ ആമയുടെ വില കേട്ടാൽ ആരും ഞെട്ടും; 8.2 ലക്ഷം പൗണ്ട്. അതായത് ഏകദേശം 8 കോടി രൂപ. ഇംഗ്ലണ്ടിലെ ബോക്സ് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'ദ ഓൾഡ് ഡയറി' എന്ന വീട്ടിലാണ് ഹെർക്കുലീസ് എന്ന ആമയുടെ വാസം 14 വർഷം മുമ്പാണ് ഹെർക്കുലീസ് ഈ വീട്ടിൽ എത്തിയത്. ബോക്സ് ഗ്രാമത്തിന്റെ വളർച്ചയുടെ പല ഘട്ടങ്ങളും കണ്ടുകഴിഞ്ഞ ഈ ആമ മുത്തശ്ശി,​ ഒരു സെലിബ്രിറ്റി കൂടിയാണ്.

പഴമയുടെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന വീട്ടിലെ പ്രധാന സവിശേഷത ഹെർക്കുലീസിന്റെ സാന്നിദ്ധ്യം തന്നെയാണ്. മൂന്നു നിലകളിലായി 2600 ചതുരശ്രയടി വിസ്തീർണമുള്ള വീടാണിത്. താഴത്തേ നിലയിൽ ടൈൽ പാകിയ വിശാലമായ ഹാളും അടുക്കളയുമാണുള്ളത്. ഭൂമിക്കടിയിൽ ഒരു നിലവറയുമുണ്ട്. രണ്ടാം നിലയിൽ ഡൈനിംഗ് റൂം, സ്വീകരണമുറി, ഫയർ പ്ലേസ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വീടിന്റെ മറ്റൊരാകർഷണം രണ്ട് പൂന്തോട്ടങ്ങളാണ്. ഇവയിൽ ഒന്നിലാണ് ഹെർക്കുലീസിന്റെ താമസം. തോട്ടത്തിൽ നിന്ന് ലെറ്റ്യൂസും വെള്ളരിക്കയും തക്കാളിയുമൊക്കെ കഴിച്ചാണ് ഹെർക്കുലീസ് ദിവസം ചെലവഴിക്കുന്നത്. ഏതായാലും,​ വ്യത്യസ്തമായ പരസ്യത്തിലൂടെ ജനശ്രദ്ധ നേടുകയാണ് ഇപ്പോൾ ഈ വീടും ഹെർക്കുലീസും.