research

വാഷിംഗ്‌ടൺ: നിലവിലുള‌ളതും ഭാവിയിൽ വന്നേക്കാവുന്ന എല്ലാത്തരം കൊവിഡ് വകഭേദങ്ങളെയും പ്രതിരോധിച്ച് ഇല്ലാതാക്കുന്ന മരുന്നുകളുടെ നിർമ്മാണത്തിന് സഹായകമാകുന്ന നിർണായകമായ വിവരങ്ങളുമായി ഗവേഷകർ. അമേരിക്കയിലെ നോർത്ത്‌വെസ്‌റ്റേൺ സർവകലാശാല ഫെയിൻബെർഗ് സ്‌കൂൾ ഒഫ് മെഡിസിനിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

സയൻസ് സിഗ്‌നലിംഗ് എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിലാണ് കൊവിഡ് മരുന്ന് ഗവേഷണത്തിന് വളരെ നി‌‌ർണായകമായേക്കാവുന്ന ഈ വിവരങ്ങളുള‌ളത്. അടുത്ത ഘട്ട കൊവിഡ് വ്യാപനത്തിന് ലോകമാകെ തയ്യാറായിരിക്കണം എന്ന മുന്നറിയിപ്പും ഇവർ പങ്കുവയ്‌ക്കുന്നു.

എല്ലാത്തരം കൊവിഡ് വകഭേദങ്ങളും പഠനവിധേയമാക്കിയ സംഘം എൻഎസ്‌പി16 എന്ന വൈറസ് പ്രോട്ടീനെ പൊതുവായി എല്ലായിടത്തും കണ്ടെത്തി. വൈറസ് വകഭേദങ്ങളിൽ മൂന്ന് പ്രോട്ടീൻ ഘടനകളെ കണ്ടെത്തി.ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽ നിന്നും വൈറസിന് മറഞ്ഞിരിക്കാൻ സഹായിക്കുന്ന സംവിധാനത്തെയും അവർ തിരിച്ചറിഞ്ഞു. എൻഎസ്‌പി16 പ്രോട്ടീനിൽ ഒരു കൊവിഡ് രോഗ വൈറസ് പോക്കറ്റ് കണ്ടെത്തി. ഇത് വൈറസിന്റെ ജീനോമിക് ശകലത്തെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്നു.

'ഒരാൾ രോഗബാധിതനായാൽ അത് തടയുന്നതിനായി മരുന്നുകൾ തടയുന്ന പ്രോട്ടീനുകളിലൊന്നാണ് എൻഎസ്പി16. ഈ പ്രോട്ടീനെ തടയുന്ന മരുന്ന് ഒരിക്കലും ശരീരത്തിലെ സമാനമായ മറ്റ് പ്രോട്ടീനുകളെ ആക്രമിക്കുകയില്ല. കടന്ന് കയറിയ എൻഎസ്‌പി16 പ്രോട്ടീനിനെ മാത്രമേ മരുന്ന് പ്രതിരോധിക്കൂ.' ലേഖനത്തിൽ പറയുന്നു.

പ്രോട്ടീനെ പ്രതിരോധിക്കുന്ന മരുന്ന് വഴി രോഗം ഗുരുതരമാകും മുൻപ് കൊവിഡ് ഭേദമാക്കാൻ കഴിയും. ഇത്തരത്തിൽ രോഗബാധയുടെ തുടക്കത്തിൽ തന്നെ മരുന്ന് കഴിക്കുന്നതിലൂടെ മൂന്ന് മുതൽ നാല് ദിവസങ്ങൾക്കകം രോഗം കഠിനമാകാതെ ഭേദമാകാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

തങ്ങൾ കണ്ടെത്തിയ വിവരം മരുന്ന് വികസിപ്പിക്കുന്ന ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന ശാസ്‌ത്രജ്ഞരുമായി പങ്കുവച്ച് ഈ പ്രോട്ടീനെ പ്രതിരോധിച്ച് കൊവിഡ് രോഗത്തെ അകറ്റുന്ന മരുന്ന് കണ്ടെത്താനാണ് നോർത്ത്‌വെസ്‌റ്റേൺ സർവകലാശാലയിലെ ഗവേഷകർ ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്ന മരുന്ന് കൊവിഡ് മൂലമുള‌ള ജലദോഷത്തെയും സാധാരണ ജലദോഷത്തെയും അകറ്റുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.