ഷിംല: ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് (87) അന്തരിച്ചു. ആറ് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചു.
ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന് ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായി. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായി ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹം ഒമ്പത് തവണ എം.എൽ.എയും അഞ്ചു തവണ എം.പിയുമായി.
ഏപ്രിൽ 12നും ജൂൺ 11നും അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ രണ്ടു തവണ കൊവിഡ് ബാധിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഭാര്യ പ്രതിഭ സിംഗ് മുൻ എം.പിയായിരുന്നു. മകൻ വിക്രമാദിത്യ സിംഗ് ഷിംല റൂറലിലെ എം.എൽ.എയാണ്. വീരഭദ്രസിംഗിന്റെ വിയോഗത്തിൽ ഹിമാചൽപ്രദേശിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.