ബാർസലോണ : 'ലാ സാഗ്രഡ ഫാമിലിയയെ പറ്റി കേട്ടിട്ടുണ്ടോ? ഈ മൈനർ ബസിലിക്കയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നിർമ്മാണം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലധികമായെങ്കിലും ഇതുവരെ പണി പൂർത്തിയായിട്ടില്ല. അവിശ്വസനീയമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. ബാഴ്സലോണയിലാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ പള്ളിയുള്ളത്.
1882 ലാണ് സ്പാനിഷ് ആർക്കിടെക്ട് ആയിരുന്ന അന്റോണി ഗൗഡി, ബസിലിക്കയുടെ നിർമ്മാണം ആരംഭിച്ചത്. ഗോതിക് - കർവിലീനിയർ ശൈലികൾ സംയോജിപ്പിച്ചായിരുന്നു ബസലിക്കയുടെ നിർമ്മാണം. ഈ നിർമ്മിതിക്ക് വേണ്ടിയാണ് ഗൗഡി തന്റെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം നീക്കിവച്ചത്. വ്യക്തിഗത സംഭാവനകൾ മാത്രം ഉപയോഗിച്ചായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിച്ചിരുന്നത്. എന്നാൽ, 1926 ൽ ഗൗഡി മരിക്കുമ്പോൾ നിർമ്മാണത്തിന്റെ കാൽഭാഗം പോലും പൂർത്തിയായിരുന്നില്ല.
സ്പെയിനിലെ ആഭ്യന്തര യുദ്ധം കാരണം പിന്നീട് ബസിലിക്കയുടെ നിർമ്മാണം തടസ്സപ്പെടുകയും ചെയ്തു. 1936ൽ വിപ്ലവകാരികൾ ഈ കെട്ടിടത്തിന് തീയിടുകയും ഗൗഡി തയ്യാറാക്കിയ രൂപരേഖയും പ്ലാസ്റ്റർ മോഡലും ഭാഗികമായി നശിപ്പിക്കുകയും ചെയ്തു. ബസിലിക്കയുടെ മാതൃക പൂർവ്വാവസ്ഥയിൽ കൂട്ടിച്ചേർക്കാൻ ഏകദേശം 16 വർഷം വേണ്ടി വന്നു. പിന്നീടിങ്ങോട്ട് നിർമ്മാണം പ്രവൃത്തികൾ തടസ്സമില്ലാതെ നടന്നു. കമ്പ്യൂട്ടറും ആധുനിക സാങ്കേതികവിദ്യകളും പ്രചാരം നേടിയ ശേഷം നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആവുകയും 2010ൽ നിർമ്മാണത്തിന്റെ പകുതിഭാഗം പൂർത്തിയാവുകയും ചെയ്തു. അതേ വർഷം പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ ബസിലിക്കയുടെ പ്രതിഷ്ഠാകർമ്മം നിർവഹിച്ചു. ഗൗഡി മരിച്ചിട്ട് നൂറ് വർഷം തികയുന്ന 2026 ൽ ബസിലിക്കയുടെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികളും ഭരണകൂടവും. എന്നാൽ, കൊവിഡ് വ്യാപനവും തുടർന്നുള്ള ലോക്ഡൗണും കാരണം ബസിലിക്കയുടെ നിർമ്മാണം പൂർത്തിയാകാൻ ഇനിയും കാലതാമസമെടുക്കുമെന്നാണ് കരുതുന്നത്.