ramos

പാരീസ്∙ 16 വർഷത്തിന് ശേഷം സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങിയ വെറ്ററൻ സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസ് ഫ്രഞ്ച് ക്ലബ് പാരീസ് എസ്.ജിയിലെത്തി. റാമോസുമായി കരാർ ഒപ്പിട്ട വിവരം പി.എസ്.ജി ഔദ്യോഗികമായി അറിയിച്ചു. റയൽ മഡ്രിഡുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായിരുന്ന താരത്തെ, രണ്ടു വർഷത്തേക്കാണ് പി.എസ്.ജി ടീമിലെടുത്തത്. എ.സി മിലാന്റെ മൊറോക്കോ താരം അച്റഫ് ഹക്കീമിക്കു ശേഷം പാരീസിലെത്തുന്ന പുതിയ താരമാണ് റാമോസ്.

ഒന്നരപ്പതിറ്റാണ്ടിലേറെ റയലിനായി കളിച്ച റാമോസ് അഞ്ച് തവണ ലാലിഗ കിരീടവും നാലു തവണ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി. പരുക്കിനെ തുടർന്ന് കഴിഞ്ഞ സീസണിലെ ഏതാനും മത്സരങ്ങൾ നഷ്ടമായിരുന്നു. ഇതിനു പിന്നാലെ യൂറോ കപ്പിൽ നിന്നും പിന്മാറേണ്ടിവന്നു. മുപ്പത്തഞ്ചുകാരനായ റാമോസ് റയലിൽ തുടരുമെന്നായിരുന്നു സൂചനകളെങ്കിലും കരാർ വ്യവസ്ഥകളുടെ കാര്യത്തിൽ യോജിപ്പിലെത്താൻ സാധിക്കാതെ പോയതോടെയാണ് ടീം വിട്ടത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്തായിരുന്നു പിഎസ്ജി.ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു.