തിരുവനന്തപുരം: കൊതുകുകളിൽ നിന്നും പടരുന്ന സിക്ക വൈറസ് കേരളത്തിൽ ആദ്യമായി കണ്ടെത്തി. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല്‍ എന്‍ഐവി പൂനയില്‍ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക കണ്ടെത്തുന്നത്. പനി, സന്ധിവേദന, മേലാകെ ചുവന്ന പാടുകൾ, കണ്ണുകളിൽ ചുവപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പൂർണമായും വിശ്രമിക്കുന്നത് മാത്രമാണ് പ്രതിവിധി. രോഗബാധിതരിൽ കാണുന്ന വിഷമതകൾക്ക് മരുന്നുകളും നൽകും.
ജൂണ്‍ 28 നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചു. തുടര്‍ന്ന് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍.ഐ.വി പൂനയിലേക്ക് സാമ്പിളുകള്‍ അയക്കുകയായിരുന്നു. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജൂലായ് 7ന് യുവതിയുടെ പ്രസവം സാധാരണ നിലയില്‍ നടന്നു. കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്‌നാട് അതിര്‍ത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.
പകൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയുടേതിന് സമാനമായ രോഗലക്ഷണമാണുളളത്. ഗർഭിണികൾക്ക് രോഗം ബാധിച്ചാൽ കുഞ്ഞുങ്ങളുടെ തലയോട്ടിക്ക് വളർച്ചക്കുറവുണ്ടാകാൻ ഇടയുണ്ട്. ലൈംഗിക ബന്ധം വഴിയും രക്തദാനം വഴിയും രോഗം പടരാം.