ggg

കുവൈറ്റ് സിറ്റി: കൊവിഡ് വാക്സിൻ എടുത്ത പ്രവാസികൾക്ക് പ്രവേശനാനുമതി നല്കുന്നതിനോട് അനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി കുവൈറ്റ്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരുടെ എണ്ണം 5000 ആയി ഉയർത്തിയതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ യൂസുഫ് അൽ ഫൗസാൻ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതൽ വാക്സിനെടുത്ത വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡിനെ തുടർന്ന് ആദ്യം1000 മായി ചുരുക്കിയ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ മാസം 3500 ആയി വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ പ്രവാസികൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വീണ്ടും ഉയർത്തിയത്.ഇത് കൂടാതെ ഒരു ദിവസം 67 വിമാന സർവീസുകൾ അനുവദിക്കാനും അധികൃതർ തീരുമാനിച്ചു. എന്നാൽ കുവൈറ്റിൽ നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. നിലവിൽ കുവൈറ്റിൽ റെസിഡൻസ് വിസയുള്ളവർക്കും രാജ്യത്ത് അംഗീകാരമുള്ള കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകൾ എടുത്തവർക്കുമാണ് ആഗസ്റ്റിൽ പ്രവേശനം അനുവദിക്കുക.