ayisha

കൊച്ചി: രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചി കാക്കനാട്ടെ ആയിഷയുടെ ഫ്ലാറ്റിലെത്തിയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. രണ്ടു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ചു. എന്നാൽ പിടിച്ചെടുത്തത് സഹോദരന്റെ ലാപ്ടടോപ്പാണെന്ന് അയിഷ പറഞ്ഞു. പൊലീസിന്‍റെ നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്ന് അയിഷ സുൽത്താന പറഞ്ഞു.. നേരത്തെ, അയിഷയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടുതൽ ചോദ്യം ചെയ്യൽ.

ഇന്ന് രാവിലെയാണ് കവരത്തി എസ്‌.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് അയിഷ സുല്‍ത്താന പറഞ്ഞു. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ തനിക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അയിഷ പറഞ്ഞു.

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് അയിഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബി.ജെ.പി ഘടകമാണ് അയിഷയ്‌ക്കെതിരെ പരാതി നല്‍കിയത്. കേസില്‍ നേരത്തെ ലക്ഷദ്വീപില്‍ വെച്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. കേസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയിഷ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.