കെയ്റോ : ഏഴു ദിവസത്തോളം സൂയസ് കനാലിലെ ചരക്കു ഗതാഗതം മുടക്കിയ എവർ ഗിവൺ കപ്പൽ ഈജിപ്റ്റ് വിട്ടു നല്കി. കപ്പൽ കനാലിൽ കുടുങ്ങിയത് മൂലമുണ്ടായ ഭീമമായ നഷ്ടത്തിന് നഷ്ടപരിഹാരം വേണമെന്ന് വാദിച്ച് സൂയസ് കനാൽ അതോറിറ്റി എവർ ഗിവണിനെ മൂന്നു മാസത്തോളമായി തടഞ്ഞു വച്ചിരുന്നു. നഷ്ട പരിഹാര തുകയെ സംബന്ധിച്ച് കനാൽ അധികൃതരും കപ്പലിന്റെ ഉടമസ്ഥരായ ജാപ്പനീസ് കമ്പനിയായ ഷോയി കിസെനും തമ്മിൽ ധാരണയിലെത്തിയതോടെ എവർ ഗിവണിന്റെ മോചനത്തിന് വഴിയൊരുങ്ങുകയായിരുന്നു. ഈജിപ്തിലെ ഇസ്മായിലിയയിൽ നടന്ന ചടങ്ങിൽ കരാർ ഒപ്പിട്ടതിനെ തുടർന്ന് സൂയസ് കനാൽ വിട്ട എവർ ഗിവൺ മെഡിറ്ററേനിയൻ കടലിലേക്ക് യാത്ര തിരിച്ചു. എത്ര തുകയാണ് കപ്പൽ വിട്ടുകിട്ടാൻ വേണ്ടി കമ്പനി കെട്ടിവച്ചത് എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇരു ഭാഗത്ത് നിന്നും വന്നിട്ടില്ല.
സംഭവം ഇങ്ങനെ
കഴിഞ്ഞ മാർച്ച് 23 നാണ് ജാപ്പനീസ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ള എവർ ഗിവൺ കപ്പൽ സൂയസ് കനാലിൽ കുടുങ്ങിയത്.കപ്പൽ കുടുങ്ങിയതോടെ കനാൽ വഴിയുള്ള ചരക്ക് നീക്കം പൂർണമായി നിലച്ചു. എവർ ഗിവണിന് പിന്നാലെയെത്തിയ ഒട്ടനവധി ചരക്ക് കപ്പലുകൾ കനാലിൽ കുടുങ്ങിയത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഏഴു ദിവസത്തോളം കനാലിൽ കുടുങ്ങിക്കിടന്ന എവർ ഗിവൺ മൂലം തങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം നേരിടേണ്ടി വന്നതിനാൽ നഷ്ട പരിഹാരം നല്കാതെ കപ്പൽ വിട്ടു തരാൻ പറ്റില്ലെന്ന് സൂയസ് കനാൽ അധികൃതർ പ്രഖ്യാപിച്ചു. എന്നാൽ നഷ്ട പരിഹാരം നല്കാൻ കപ്പൽ ഉടമസ്ഥർ വിസമ്മതിച്ചതോടെ ഏപ്രിൽ 13 ന് കപ്പൽ തടഞ്ഞു വയ്ക്കുന്നതായി ഈജിപ്റ്റ് സർക്കാർ അറിയിച്ചു.