amit-shah

തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നുവെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യർ. അദ്ദേഹത്തിന് സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്താണുള്ളത്. അമിത് ഷാ ഈ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോൾ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികൾക്കാവും. കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകൾക്കെതിരെ അമിത് ഷായ്ക്ക് പരാതി നൽകുകയാണെന്നും വിശദാശങ്ങൾ പുറമെ നൽകുന്നതാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്രത്തിൽ ആദ്യമായി രൂപീകരിച്ച സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കുമ്പോൾ വലിയ പ്രതീക്ഷയാണ് അതു നൽകുന്നത്. സഹകരണത്തിലൂടെ സമൃദ്ധി എന്ന മോദി സർക്കാരിന്റെ നയം നടപ്പിലാക്കുന്നതാണ് അമിത് ഷായിൽ അർപ്പിതമായിട്ടുള്ള ദൗത്യം. രാജ്യത്തെ ഏറ്റവും മികച്ച സഹകാരികളിൽ ഒരാൾ തന്നെയായ അമിത് ഷായ്ക്ക് സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്താണുള്ളത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയർമാൻ എന്ന പ്രവർത്തന പരിചയവും ഗുജറാത്തിലെ സഹകരണ മേഖലയിൽ നടത്തിയ ഇടപെടലുകളും അമിത് ഷായ്ക്ക് മുതൽക്കൂട്ടാണ്.

അമിത് ഷാ സഹകരണ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോൾ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികൾക്കാവും. കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകൾക്കെതിരെ സഹകരണ മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകുകയാണ്. വിശദാംശങ്ങൾ പുറകേ നൽകുന്നതാണ്.