fff

വാഷിംഗ്ടൺ: ലോക രാജ്യങ്ങളിൽ കൊവിഡ് രണ്ടാം തരംഗവും മൂന്നാം തരംഗവുമെല്ലാം ആഞ്ഞടിക്കുമ്പോൾ മഹാമാരി മൂലം മരണമടഞ്ഞവരുടെ എണ്ണം 40 ലക്ഷം കടന്നതായി റിപ്പോർട്ട്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിവ്യാഴാഴ്ച പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇത് പ്രതിപാദിക്കുന്നത്.1982 ന് ശേഷം ലോക രാജ്യങ്ങൾ തമ്മിലുണ്ടായ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാളും കൂടുതൽ പേർ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.യു.എസ്, ബ്രിട്ടൻ തുടങ്ങിയ വികസിത രാജ്യങ്ങളിൽ വാക്സിനേഷൻ വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ലോകരാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് വിവിധ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്സിൻ നൽകി തുടങ്ങിയതോടെ ലോകത്തിലാകമാനം പ്രതിദിനം മരിക്കുന്നവരുടെ എണ്ണം 18000 ത്തിൽ നിന്നും 7900 ആയി കുറക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളതാണ് ഏക ആശ്വാസം. കൊവിഡ് മൂലം ലോകത്ത് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് അമേരിക്കയിലാണ്. ആറ് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചത്.

അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അൻപത്തിയെട്ട് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.45 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 8,000ത്തിലധികം പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 40,17,002 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതനേഴ് കോടി കടന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ ബ്രസീലാണ് മുന്നിൽ. രാജ്യത്ത് അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1595 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരണമടഞ്ഞത്.

വില്ലനായി ഡെൽറ്റ,ആശങ്കയിൽ അമേരിക്ക

അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് 'ഡെൽറ്റ' വകഭേദം അമേരിക്കയിൽ പിടിമുറുക്കുന്നു. യു.എസിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന രോഗികളിൽ 80 ശതമാനവും ഡെൽറ്റ വകഭേദം ബാധിച്ചവരാണ്. വാക്സിനേഷൻ വേഗത്തിലാക്കി നിയന്ത്രണങ്ങളിൽ ഇളവ് നല്കാമെന്ന ബൈഡൻ ഭരണകൂടത്തിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയിലാണ് രാജ്യത്ത് വൈറസ് വ്യാപനം.

ഫൈസർ, മൊഡേണ കമ്പനികളുടെ കൊവിഡ് വാക്സിനുകളാണ് അമേരിക്കയിൽ കൂടുതലായി നല്കിവരുന്നത്.എന്നാൽ ഡെൽറ്റയ്‌ക്കെതിരെ ഈ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണെന്നതിനെകുറിച്ച് പഠനങ്ങൾ നടത്തി വരുന്നതേയുള്ളൂ. അതിനാൽ തന്നെ രാജ്യത്ത്

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം അപകടകരമാണെന്ന് അമേരിക്കയിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആന്റണി ഫൗചി മുന്നറിയിപ്പ് നൽകി.