കൂടുതൽ തട്ടിപ്പുകൾ നടത്തിയെന്ന് മൊഴി
കൊല്ലം: കൊല്ലത്ത് പിടിയിലായവർ കൂടുതൽ ഇടങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതായി പൊലീസ്. കൊല്ലം കുറ്റിച്ചിറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി 50,000 രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ ഇടുക്കി ചെറുതോണി ഇടുക്കി ഡാം തോടിനടുത്തുള്ള മുസ്ലിം പള്ളിക്ക് സമീപം കുന്നത്ത് വീട്ടിൽ അഖിൽ ബിനു (20, അപ്പു), ഇരട്ടക്കുളങ്ങര ഗണപതി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കിളികൊല്ലൂർ കല്ലുംതാഴം കൃഷ്ണ മന്ദിരത്തിൽ വിഷ്ണു (26), കല്ലുംതാഴം ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപം എസ്.ആർ ഭവനിൽ സിദ്ധാർഥ് (26), കൊറ്റങ്കര പേരൂർ വയലിൽ വീട്ടിൽ വിനീത് (25) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്തായത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് കിളികൊല്ലൂർ പൊലീസ് അറിയിച്ചു. ഈ മാസം അഞ്ചിന് കുറ്റിച്ചിറയിലെ സ്ഥാപനത്തിലെത്തിയ പ്രതികൾ ആശുപത്രി ആവശ്യത്തിനാണെന്ന് പറഞ്ഞ് വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ച് മുക്കുപണ്ടം പണയം വച്ച് 50,000 രൂപ കൈപ്പറ്റുകയായിരുന്നു. സ്ഥാപന ഉടമ മാല ഉരച്ചുനോക്കുന്നതിനിടെ യുവാക്കൾ കടന്നുകളഞ്ഞു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടമ പരാതി നൽകിയതിനെ തുടർന്ന് കിളികൊല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അഖിൽ ബിനു താമസിച്ചിരുന്ന നഗരത്തിലെ ലോഡ്ജ് മുറിയിൽ നിന്ന് കൂടുതൽ മുക്കുപണ്ടങ്ങൾ കണ്ടെടുത്തു. വിവിധ ജില്ലകളിൽ സമാനമായ നിരവധി കേസുകളിലെ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ് അഖിലെന്ന് പൊലീസ് പറഞ്ഞു. നിരവധി സ്ഥാപനങ്ങളിൽ ഇപ്പോഴും ഇവരുടെ പണയ ഉരുപ്പടികൾ ഭദ്രമായി ഇരിപ്പുണ്ട്. മുക്കുപണ്ടമാണെന്ന് സ്ഥാപന ഉടമകൾ ഇനിയും അറിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് രൂപ ഈ നിലയിൽ തട്ടിയെടുത്ത് മദ്യപാനത്തിനും മറ്റ് ലഹരി ഉപയോഗത്തിനുമായി ചെലവിട്ടുവരികയായിരുന്നു. ആഡംബര കാറുകളിലാകും പലപ്പോഴും സഞ്ചരിക്കുക. വാടകയ്ക്ക് എടുത്ത വാഹനങ്ങളിലും ധനകാര്യ സ്ഥാപനങ്ങളിൽ ചെല്ലാറുണ്ട്. തിരിച്ചറിയൽ കാർഡുകൾ പല പേരുകളിൽ വ്യാജമായി നിർമ്മിച്ച് പ്രതികൾ കൈവശം കരുതാറുണ്ട്. ഇതുകാരണം പിടിക്കപ്പെടുന്നത് അപൂർവമാണ്. കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ ശ്രീനാഥ്, താഹാക്കോയ, മധു, ജാനസ്, ജയൻ സക്കറിയ, സന്തോഷ്, എ.എസ്.ഐമാരായ സന്തോഷ്, സുനിൽ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.