sai

രണ്ട് പാക് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ രജൗരി ജില്ലയിലെ സുന്ദർബെൻ മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളിയടക്കം രണ്ട് ജവാന്മാർക്ക് വീരമൃത്യു. പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

കോഴിക്കോട് കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറെ തറയിൽ 'മയൂര"ത്തിൽ നായിക് സുബേദാർ എം.ശ്രീജിത്ത് (42)​, ആന്ധ്ര പ്രദേശ് സ്വദേശി ശിപായി ജസ്വന്ത് റെഡ്ഡി എന്നീ സൈനികരാണ് വീരമൃത്യു വരിച്ചതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

തിരുവങ്ങൂർ മാക്കാട വത്സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കൾ: അതുൽജിത്ത്, തന്മയലക്ഷ്മി.

കഴിഞ്ഞിടെയാണ് ശ്രീജിത്ത് പൂക്കാട് പുതിയ വീട് പണിതത്. മാർച്ച് ആദ്യവാരം നാട്ടിൽ വന്ന് മടങ്ങിയിരുന്നു.

വധിച്ച പാക് ഭീകരരിൽ നിന്ന് എ.കെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഇന്നലെ വ്യത്യസ്ത ഏറ്റമുട്ടലുകളിലായി നാലു ഭീകരരെ സൈന്യം വധിച്ചു. മേഖലയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് ജൂൺ 29 മുതൽ ഇവിടെ ശക്തമായ പരിശോധനകൾ നടത്തിവരികയായിരുന്നു