vaccine

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ പ്രോ​ഗ്രാം ആരംഭിച്ചതിനു ശേഷമുളള ആറുമാസത്തിൽ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തിലധികം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയത് വെറും എട്ട് സംസ്ഥാനങ്ങൾ മാത്രം. അതേസമയം, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേരളം (13.2%) ​ഗുജറാത്ത് (13.07%) എന്നീ രണ്ട് വലിയ സംസ്ഥാനങ്ങൾ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന എട്ട് സംസ്ഥാനങ്ങളുവടെ കൂട്ടത്തിൽ ഉളളത്. ബാക്കിയുളളവ ചെറുതും ജനസംഖ്യ കുറഞ്ഞവയുമാണ്. ഹിമാചൽ പ്രദേശ് (14.66%), ഉത്തരാഖണ്ഡ് (10.35%), ഡൽഹി (12.57%), ത്രിപുര (22.85%), സിക്കിം (23.6%), അരുണാചൽ പ്രദേശ് (10.62%) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.

രണ്ട് ഡോസ് വാക്സിനും എടുക്കുന്നത് അപകട സാദ്ധ്യത കൂടുതൽ കുറയ്ക്കുന്നതായി ആരോ​ഗ്യ വിദഗ്ദ്ധർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുളള സമീപകാല വാക്സിൻ ഫലപ്രാപ്തി പഠനങ്ങൾ ഇത് തെളിയിക്കുന്നു. കുറഞ്ഞ വാക്സിൻ കവറേജുളള രാജ്യങ്ങളിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടാകുന്നത് ആശങ്കാ ജനകമാണെന്നും ഡെൽറ്റപോലുളള കൊവിഡ് വകഭേദങ്ങൾ ഇത്തരം കുതിച്ച് ചാട്ടങ്ങൾക്ക് ആക്കം കൂട്ടുന്നതായും ആരോ​ഗ്യ വിദ​ഗ്ദ്ധർ പറയുന്നു.