തിരുവനന്തപുരം: കൊവിഡ് ആശങ്കയൊഴിയും മുമ്പേ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത സിക്ക വൈറസിനെതിരെ എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നൽകി സംസ്ഥാന സർക്കാർ. രോഗംപരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗർഭിണികൾ കൂടുതൽ മുൻകരുതലെടുക്കണമെന്നാണ് നിർദേശം.
ഇന്നലെ തിരുവനന്തപുരം നഗരസഭാ പരിധിയിലെ 13 പേർക്കാണ് സിക്ക വൈറസ് ബാധിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടിയവര്‍ക്ക് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവർക്ക് ഈ അസുഖങ്ങളല്ലെന്ന് വ്യക്തമായതോടെയാണ് സ്രവ സാംപിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കയച്ചത്.
ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ തല ചെറുതായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. കുട്ടികളിലും മുതിർന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക്ക മൂലം ഉണ്ടാകാറുണ്ട്. ഇപ്പോൾ സിക്ക ബാധിച്ച 24 വയസുകാരിയും ഏഴാം തീയതി ഇവര്‍ പ്രസവിച്ച കുഞ്ഞും ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്.
2017ലാണ് ഇന്ത്യയില്‍ ആദ്യമായി അഹമ്മദാബാദില്‍ സിക്ക വൈറസ് റിപ്പോർട്ട് ചെയ്‌തത്. പകല്‍ സമയങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്ക രോഗവാഹകര്‍. രക്തദാനം, ലൈംഗിക ബന്ധം എന്നിവ വഴിയും ഈ രോഗം പകരാം. എന്നാൽ ഇത് മരണകാരണമായ രോഗമല്ല. മരുന്നില്ലാത്ത അസുഖത്തിന് കൊതുകു കടിയേല്‍ക്കാതെ നോക്കുകയാണ് പ്രതിരോധ മാര്‍ഗം.
1947ല്‍ ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ കുരങ്ങുകളിലാണ് ഈ വൈറസ് സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത്. 2015ല്‍ ബ്രസീലില്‍ പടര്‍ന്ന രോഗം തൊട്ടടുത്ത വര്‍ഷം നടന്ന റിയോ ഒളിമ്പിക്‌സിന് ഭീഷണിയായതോടെയാണ് ലോക രാജ്യങ്ങളുടെ ശ്രദ്ധയില്‍ വരുന്നത്.