pinarayi-vijayan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി സി പി എം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും ചേരും. തിരഞ്ഞെടുപ്പില്‍ സംഘടനരംഗത്തുണ്ടായ വീഴ്‌ച പരിശോധിച്ച് സി പി എം സംസ്ഥാനസെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സമതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലെടുക്കേണ്ട തിരുത്തല്‍ നടപടികളിലും തീരുമാനമുണ്ടാകും.

നെന്മാറ,ഒറ്റപ്പാലം,അരുവിക്കര,അമ്പലപ്പുഴ മണ്ഡലങ്ങളില്‍ വിജയിച്ചെങ്കിലും പ്രമുഖ നേതാക്കൾക്ക് വീഴ്‌ചയുണ്ടായെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. അമ്പലപ്പുഴയിലെ വീഴ്‌ചയില്‍ ജി സുധാകരനെതിരെ ജില്ലാകമ്മിറ്റിയല്‍ കടുത്ത വിമര്‍ശനം ഉണ്ടായെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശനമില്ല. മണ്ഡലത്തിലെ വീഴ്‌ചകൾ പരിശോധിക്കാൻ കമ്മിഷനെ വയ്‌ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സി പി എം വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രതീക്ഷിക്കാത്ത തോൽവിയുണ്ടായ കുണ്ടറ,പാല,തൃപ്പൂണിത്തുറ,കല്‍പ്പറ്റ മണ്ഡലങ്ങളിലെ പരാജയ കാരണം സംഘടനാവീഴ്‌ചയാണെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. പാലായിലും കല്‍പ്പറ്റയിലും പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.

എല്‍ ഡി എഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മ‍ഞ്ചേശ്വരം,കാസര്‍കോട്, പാലക്കാട് മണ്ഡലങ്ങളില്‍ ജില്ലാതല പരിശോധന നടത്തും. അതിനുശേഷം തിരുത്തല്‍ നിർദേശങ്ങള്‍ സംസ്ഥാനസമിതി തയ്യാറാക്കും. 99 സീറ്റുകളില്‍ വിജയിച്ച് തുടര്‍ഭരണം നേടിയതിന്‍റെ തിളക്കത്തോടെ നിൽക്കുമ്പോഴും കുറച്ച് മണ്ഡലങ്ങളിലെ വീഴ്‌ചകളിൽ കർശന നടപടിയെടുക്കാൻ തന്നെയാണ് സി പി എം തീരുമാനം.