കൊച്ചി: കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് പ്രതിനിധികൾ ഇന്ന് തെലങ്കാനയിലേക്ക് പോകും. കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുക. കൂടിക്കാഴ്‌ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര.
രാവിലെ പത്തരയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് ഹൈദരാബാദിലേക്ക് സാബു ജേക്കബും സംഘവും യാത്ര തിരിക്കുന്നത്. വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്‍റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് കിറ്റെക്‌സ് പ്രതിനിധികൾ ഹൈദരാബാദിലെത്തുന്നത്.
മാനേജിംഗ് ഡയറക്‌ടർ സാബു എം ജേക്കബിനൊപ്പം ഡയറക്‌ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്‍റ് ഓപ്പറേഷൻസ് ഹർകിഷൻ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും.
നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു ജേക്കബ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കൂടിക്കാഴ്‌ച. നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്‌ദ്ധാനം ചെയ്‌തിരിക്കുന്നത്.
കേരളത്തിലെ പുതിയ പദ്ധതികളിൽ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സിനെ, ഇതുവരെ ഒമ്പത് സംസ്ഥാനങ്ങൾ നിക്ഷേപം നടത്താനായി ക്ഷണിച്ചിട്ടുണ്ട്. തെലങ്കാനയ്‌ക്ക് പുറമെ തമിഴ്‌നാടും കർണാടകവും ഉൾപ്പടെയുളള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും കിറ്റെക്‌സിനെ ഇതിനോടകം ക്ഷണിച്ചിട്ടുണ്ട്.