ലക്നൗ: പ്രാദേശിക തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്ന യുവതിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്തു. ഉത്തർപ്രദേശിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സമാജ് വാദി പാർട്ടി പ്രവർത്തകയാണ് അപമാനിക്കപ്പെട്ടത്.
സ്ഥാനാർത്ഥിക്കൊപ്പം എത്തിയ തന്നെ അവിടെ കൂടിനിന്ന ബി ജെ പി പ്രവർത്തകർ ആക്രമിക്കുകയും സാരി വലിച്ചഴിച്ച് അപമാനിക്കുകയായിരുന്നു എന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തട്ടിയെടുത്ത് വലിച്ചുകീറുകയും ചെയ്തു. തങ്ങളുടെ പാർട്ടിയിലെ സ്ഥാനാർത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കാൻ വേണ്ടി ബി ജെ പിക്കാരാണ് ഇത് ചെയ്തതെന്നും പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും യുവതി ആരോപിക്കുന്നു. എന്നാൽ കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. സംഭവം കണ്ടുനിന്നവരാണ് വീഡിയോ എടുത്തത്.
യുവതിയെ അപമാനിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ജനാധിപത്യത്തെ അപമാനിക്കുന്ന ഇത്തരം സംഭവങ്ങൾ നാട് അരാജകത്വത്തിലാണെന്നതിന്റെ തെളിവാണെന്നാണ് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു.